Friday, September 14, 2018

Andreas Pereira is the fourth player born outside Brazil to be called up for the Brazilian NT, the first in 100 years



ബ്രസീലിന് പുറത്ത് ജനിച്ചു ബ്രസീലിന് വേണ്ടി കളിക്കുന്ന നാലാമത്തെ താരമാണ് ആൻഡ്രിയാസ് പെരെയ്റ.കഴിഞ്ഞ നൂറു വർഷത്തെ ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യത്തേ താരവും.

വിഖ്യാതമായ സെലസാവോ ജെഴ്സി അണിയാൻ ഭാഗ്യമില്ലാതെ പോയ ഫുട്‌ബോളറായിരുന്ന ബ്രസീലുകാരൻ മാർകോസ് പെരെയ്റയുടെ മകനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ  വെർസെറ്റൈൽ സെൻട്രൽ മിഡ്ഫീൽഡറായ ആൻഡ്രിയാസ്.
സ്ട്രൈകറായിരുന്ന പിതാവ് മാർകോസ് ബെൽജിയം ക്ലബുകളിലേക്ക് ചേക്കേറിയതോടെ ബെൽജിയം പൗരത്വം എടുത്തു അവിടെ സ്ഥിര താമസമാക്കുകയായിരുന്നു.

ബെൽജിയത്തിലെ ഡൂഫലിൽ ജനിച്ച ആൻഡ്രിയാസ് തന്റെ പിതാവ് പന്തുതട്ടിയ ലോമൽ യുണൈറ്റഡ് ക്ലബിലൂടെയാണ് ഫുട്‌ബോൾ ലോകത്തേക്ക് വരുന്നത്.തുടർന്ന് താരത്തിന്റെ പതിനഞ്ചാം വയസ്സിൽ തന്നെ ആർസനൽ ചെൽസി ലിവർപൂൾ തുടങ്ങിയ ക്ലബുകൾ വലവീശിയിരുന്നെങ്കിലും 2011 ൽ റെഡ് ഡെവിളിന്റെ ചാണക്യൻ സർ അലക്‌സ് ഫെർഗൂസൻ താരത്തെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കുകയായിരുന്നു.പതിനേഴ് തികയും വരെ ബെൽജിയത്തിന്റെ അണ്ടർ 17 ടീമിനെ പ്രതിധാനം ചെയ്ത പെരെയ്റക്ക് ബ്രസീലിയൻ പൗരത്വം കൂടിയുള്ളതിനാൽ ബ്രസീലിന് വേണ്ടി കളിക്കാൻ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ബ്രസീലിന്റെ അണ്ടർ 20 ടീമിൽ ഇടം ലഭിക്കുകയും മികച്ച പ്രകടനത്തോടെ 2015 ലെ അണ്ടർ 20 ലോകകപ്പിൽ കളിക്കുകയും ഫൈനലിൽ സെർബിയക്കെതിരെ സോളോ ഗോൾ നേടി മാധ്യമശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.
ബെൽജിയം കോച്ചായി റോബർട്ടോ മാർട്ടിനെസ് സ്ഥാനം ഏറ്റതോടെ ആൻഡ്രിയാസിനെ ബെൽജിയം സീനിയർ ടീമിൽ കളിപ്പിക്കാൻ പല തവണയായി ശ്രമിച്ചിരുന്നെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു. 

" ഞാൻ ജനിച്ചതും ജീവിച്ചതും ബെൽജിയത്തിലാണെങ്കിലും ഞങ്ങളുടെ കുടുംബം ബ്രസീലിലാണ് ഞങ്ങളുടെ വീടുമുണ്ടവിടെ പിതാവിന്റെ അവധിക്കാലത്ത് മാത്രമാണ് ഞങ്ങൾ അങ്ങോട്ട്‌ പോവാറുള്ളത്.എന്റെ മാതാപിതാക്കളും ഞാനും ബ്രസീലുകാരാണ്.. സംസാരിക്കുന്നത് പോർച്ചുഗീസ് ഭാഷയും അതുകൊണ്ട് തന്നെ ബ്രസീൽ സീനിയർ ടീമിൽ കളിക്കുകയാണെന്റെ എക്കാലത്തെയും വലിയ സ്വപ്നം "

തന്റെ ചൈൽഡ് ഹുഡ് ഡ്രീം തുറന്ന് പറഞ്ഞ പെരെയ്റയെ കഴിഞ്ഞ മാസത്തിൽ തന്നെ ടിറ്റെ ടീമിലേക്ക് സെലക്റ്റ് ചെയ്യുകയായിരുന്നു.ഇക്കഴിഞ്ഞ എൽ സാൽവഡോറിനെതിരായ മൽസരത്തിൽ രണ്ടാം പകുതിയിൽ ആർതറിന്റെ പകരക്കാരനായി ഇറങ്ങിയാണ് ആൻഡ്രിയാസ് ബ്രസീലിയൻ ജെഴ്സിയിൽ അരങ്ങേറി ചരിത്രം കുറിച്ചത്.

ബ്രസീലിന് പുറത്ത് ജനിച്ചു ബ്രസീലിന് വേണ്ടി കളിച്ച മറ്റു മൂന്നു കളിക്കാരും 1916-18 കാലയളവിൽ സെലസാവോ ജെഴ്സിയിൽ കളിച്ചവരാണ്.മൂവരുടെയും പേരുകൾ ചുവടെ കൊടുക്കുന്നു.

1.Sidney Pullen from England (1916-17)
2.Casemiro do Amaral from Portugal (1916-17)
3.Francesco Polico from Italy (1918)

പക്ഷേ മൂന്ന് പേർക്കും പെരെയ്റയെ പോലെ ബ്രസീലിയൻ വേരുകൾ ഉണ്ടോയെന്നത് അറിയില്ല

By -Danish Javed Fenomeno

No comments:

Post a Comment