Sunday, July 15, 2018

മരിയോ സഗാലോ "ദ ഫുട്‌ബോൾ പ്രൊഫസർ " 

കാൽപ്പന്തുകളിയിലെ പ്രൊഫസർ എന്നറിയപ്പെടുന്ന ബ്രസീലിയൻ ഇതിഹാസ താരവും ഇതിഹാസ പരിശീലകനുമായ സഗാലോ തന്റെ കരിയറിൽ  മൊത്തം നേടിയത് നാല് ലോകകപ്പ് കിരീടങ്ങളാണ്.
അഞ്ചാം ലോകകപ്പ് കിരീടത്തിലേക്കുള്ള കുതിപ്പിൽ ഫൈനലിൽ ടീമിന്റെ ബുദ്ധികേന്ദ്രമായ റൊണാൾഡോ പ്രതിഭാസത്തിന്റേ ഫുഡ് പോയിസനും പരിക്കും വിനയായപ്പോൾ 1998 ൽ സഗാലോക്ക് നഷ്ടമായത് അഞ്ച് തവണയും ലോകകപ്പുകൾ ഉയർത്താനുള്ള അപൂർവങ്ങളിൽ അപൂർവ റെക്കോർഡ് ആയിരുന്നു. പക്ഷേ ഇന്നും കളിക്കാരനായും കോച്ചായും ഏറ്റവുമധികം ലോകകപ്പുകൾ ഉയർത്തിയ അത്യപൂർവ റെക്കോർഡ് മരിയോ സഗാലോക്ക് മാത്രം സ്വന്തമാണ്.

ലെഫ്റ്റ് മിഡ്ഫീൽഡർ/വിംഗർ റോളിൽ  1958,62 ലോകകപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഗാലോ 1958 ലോകകപ്പ് ഫൈനലിൽ പ്രയാസകരമായ ആംഗിളിൽ നിന്നും കൃത്യതയാർന്ന ഷോട്ടോടെ  ബ്രസീലിന്റെ നാലാം ഗോൾ നേടിയിരുന്നു.
ഫുട്‌ബോൾ മാലാഖ ഗാരിഞ്ച അടക്കിഭരിച്ച 1962 ലോകകപ്പിൽ  പരിക്കേറ്റ പുറത്ത് പോയ പെലെയുടെ അഭാവത്തിൽ മുന്നേറ്റത്തിൽ സഗാലോയുടെ ഇടതുവിംഗിലൂടെയുള്ള റൈഡുകൾ ഫൈനലിൽ നിർണായകമായി.
ഫൈനലിൽ അമാരിൾഡോ നേടീയ ആദ്യ ഗോളിന് അതിമനോഹരമായ ക്രോസ് തളികയിലെന്നവണ്ണം നൽകിയത് സഗോലോയാണ്.ലോകകപ്പ് ഫൈനലുകളിൽ ഒരു ഗോളും ഒരു അസീസ്റ്റുമടക്കം ലോകകപ്പിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രേ സ്വന്തമായുള്ളൂ എങ്കിലും സഗാലോ ഏക്കാലത്തെയും മികച്ച ലെഫ്റ്റ് മിഡ്ഫീൽഡർമാരിൽ ഒരാളാണ്. 

രണ്ട് തവണ ലോകകപ്പ് കളിക്കാരനായി സ്വന്തമാക്കിയ സഗാലോ ലോകകപ്പിൽ ബ്രസീലിനെ മൂന്ന് തവണയാണ് പരിശീലിപ്പിച്ചത്.1970 ലെ പെലെയുടെ ഡ്രീം ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സഗാലോ 1974 ലും ബ്രസീനെ ലോകകപ്പ് സെമിയിലേക്ക് എത്തിച്ചിരുന്നു.11 മൽസരങ്ങളിൽ ബ്രസീലിന്റെ മഞ്ഞകുപ്പായമണിഞ്ഞ സഗാലോ 20 ലോകകപ്പ് മൽസരങ്ങളിൽ സെലസാവോയെ പരിശീലിപ്പിച്ചു.പതിനഞ്ച് തവണ ജയം കണ്ടപ്പോൾ തോൽവിയറിഞ്ഞത് മൂന്ന് തവണ മാത്രം.

കളിക്കാരനായും പരീശീലകനായും ലോകകപ്പ് സ്വന്തമാക്കിയ പ്രഥമ ഫുട്‌ബോളറാണ് സഗാലോ.1990 ൽ ബെക്കൻബവറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
നാളെ നടക്കുന്ന ഫൈനലിൽ ഫ്രഞ്ച് പരീശീലകൻ ദെഷാംപ്സും ഇരുവരുടെയും നേട്ടത്തിനൊപ്പമെത്താനുള്ള ഒരുക്കത്തിലാണ്.

സഗാലോയുടെ ലോകകപ്പ് കിരീടങ്ങൾ 

As Player - 1958 & 1962
കോച്ച് - 1970 
അസിസ്റ്റന്റ് കോച്ച്- 1994

ലോകകപ്പ് റണ്ണേഴ്സ് അപ്പ് - 1998
ലോകകപ്പ് നാലാം സ്ഥാനം - 1974

No comments:

Post a Comment