Tuesday, November 14, 2017


അക്കാഡമിക് ഫുട്ബോളിനെ തെരുവ് ഫുട്ബോളിന്റെ കരുത്തിൽ മറികടന്ന് കാനറി കിളികൾ..

Fifa under 17 world cup 2017
ഉറച്ച ഗോളവസരങ്ങൾ അനാവശ്യമായി നഷ്ടപ്പെടുത്തി അർധാവസരങ്ങൾ ഗോളാക്കി മാറ്റി.ഡിഫൻസിൽ ബോൾ ക്ലിയർ ചെയ്യാതെ പൊസഷനിംഗിന് പ്രാധാന്യം നൽകി ബോൾ നഷ്ടപ്പെടുത്തിയപ്പോൾ പെനാൽറ്റി വഴങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല പ്രതിരോധത്തിന്.
പ്രതിരോധത്തിലെ വൻ പിഴവുകളും ഫിനിഷിങിലെ ദുർബലതയും ബ്രസീലിയൻ കൗമാരക്കാരെ സമ്മർദ്ദക്കയത്തിലേക്ക് തള്ളിവിടുകയായിരൂന്നു.ആദ്യ പകുതിയിൽ തന്നെ മൂന്നിലധികം സുവർണാവസരങ്ങൾ ലിങ്കണും ബ്രണ്ണറും അലനും തുലച്ചപ്പോൾ ബെക്കൻബോവറുടെ പിൻഗാമികളുടെ അക്കാഡമിക് ഫുട്‌ബോൾ മികവും പാരമ്പര്യമായി ജർമൻകാർ സ്വായത്തമാക്കിയ ഫിസിക്കൽ സ്ട്രെങ്ത്തും കാനറി ഡിഫൻസിന് തലവേദന സൃഷ്ടിച്ചു.
പ്രതിരോധ പിഴവുകൾ മുതലാക്കുന്നതിൽ മികച്ച പാരമ്പര്യമുള്ള
ജർമൻകാർക്ക് പെനാൽറ്റിയിലൂടെ അവസരം വെച്ചൂ നീട്ടൂകയായിരുന്നു വിറ്റാവോയുടെ നേതൃത്വതിലുള്ള ഡിഫൻസ്.തുടർന്ന് ആദ്യ പകുതി അവസാനിക്കും വരെ അലക്ഷ്യമായി കളിച്ച കാനറികൾക്ക് ഫിസിക്കൽ സ്ട്രെങ്ത്തും സ്റ്റാമിനയുപയോഗിച്ച് ജർമനി കെട്ടിയ ജർമൻ മതിൽ പൊളിക്കാനാകാതെ വന്നപ്പോൾ അപകടം മണത്തിരുന്നു.പക്ഷേ അതിജീവനം ആവശ്യമായ ഘട്ടത്തിൽ തന്നെ അലനും പൗളീന്യോയും ബ്രണ്ണറും ബോബ്സിനും വിറ്റാവോയും സാധ്യമാക്കിയപ്പോൾ രണ്ടാം പകുതിയിൽ കാനറികൾ തുടരെ തുടരെ ആഞ്ഞടിച്ചു കൊണ്ട് ജർമനിയുടെ ആഫ്രിക്കൻ കരുത്തുള്ള പ്രതിരോധത്തെ ആശങ്കയിലാഴ്ത്തികൊണ്ടിരുന്നു.അതിന് ഫലവുമുണ്ടായി ലിങ്കണിന്റെ രണ്ട് ഉറച്ച ഗോൾ അവസരങ്ങൾ ജർമൻ ഗോളി സേവ് ചെയ്തതോടെ അലന്റെ നേതൃത്വത്തിൽ ആക്രമണങ്ങൾ കനപ്പിച്ച കാനികൾക്ക് വേണ്ടി പൽമിറാസ് പ്ലേമേക്കർ തന്നെ ഉത്തരവാദിത്വമേറ്റെടുത്തു.ബോക്സിനു മുന്നിൽ നിന്നും ലെഫ്റ്റ് ഫ്ലാങ്കിലേക്കുള്ള അലന്റെ പാസ് പകരക്കാരൻ ലെഫ്റ്റ് ബാക്ക് വെവേഴ്സണിന്റെ പ്രയാസകരമായ ആംഗിളിൽ നിന്നുള്ള കരുത്തുറ്റ ലെഫ്റ്റ് ഫൂട്ട്ഡ് - ഫ്ലിക്ക് ഷോട്ടിന് ജർമൻ ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല.ഇതിനിടയിൽ അലന്റെ അതി സുന്ദരമായ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ പൗളീന്യോ പുറത്തേക്കടിച്ചു തുലച്ചിരുന്നു.
ഫ്ലെമംഗോയിൽ വിനീസ്യയസിന്റെ സ്ട്രൈക്കിംഗ് പങ്കാളിയായ ലിങ്കൺ തുടർച്ചയായി വില്ലനായപ്പോൾ ബ്രസീലിന്റെ വിജയം അവസാന മിനിറ്റുകളിലേക്ക് നീണ്ടുപോവുമെന്ന് വിചാരിച്ചെങ്കിലും വാസ്കോയിൽ നിന്നുമൊരു ബോംബ് സാൾട്ട്ലേക്ക് സ്റ്റേഡിയത്തെ ആവേശ കടലാക്കി മാറ്റുകയായിരുന്നു.
ഇരപത്തിയഞ്ചു വാരെയകലെ നിന്നും പൗളീന്യോ തൊടുത്ത ബുള്ളറ്റ് സ്ക്രീമർ രക്ഷക്കത്തുകയായിരുന്നു.തുടർന്ന് അവസാന പത്ത് മിനിറ്റിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ കാനറികൾ ജർമൻകാരുടെ ദിശാബോധമില്ലാത്ത ആക്രമണങ്ങളെ തച്ചുടച്ചെങ്കിലും പിന്നിടുള്ള ആറ് മിനിറ്റിന്റെ ഇഞ്ചുറി ടൈമും ജർമൻകാർക്ക് കാനറി ചുണകുട്ടികൾ യാതൊരു അവസരവും നൽകിയില്ല.അവസാനത്തിലെ മൂന്ന് കോർണറുകൾ കൂടി ജർമനിക് ലഭിച്ചതോടെ ഫലത്തിൽ എട്ട് മിനിറ്റായിരുന്നു ഇഞ്ചുറി ടൈം.
എയ്സ് താരം വിനീസിയസ് ജൂനിയറില്ലാതെ ലോകകപ്പിനെത്തിയ കാനറികൾക്ക് സെമിയിൽ കരുത്തരായ ഇംഗ്ലീഷ് പടയെ ആണ് നേരിടേണ്ടി വരിക.
ജർമൻ അക്കാഡമീക് ഫുട്‌ബോൾ പ്രൊഡക്റ്റുകളെ പോലെ തന്നെ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളുടെ അക്കാഡമിക് ഫുട്‌ബോൾ ആയിരിക്കും ഫൂട്സാലിലൂടെയും തെരുവു ഫുട്ബോളിലൂടെയൂം വളർന്ന കാനറി കിളികൾക്ക് നേരിടേണ്ടി വരിക.വിനീസ്യയസിന്റെ അഭാവത്തിൽ പോലും ക്ലബ് അക്കാഡമി ഫുട്‌ബോളിന്റെ കരുത്തുമായെത്തിയ സ്പെയിനെനെയും ജർമനിയെയും തകർക്കാൻ അലനും പൗളീന്യോയും ബ്രണ്ണറുമടങ്ങുന്ന കാർലോസ് അമാഡുവിന്റെ കുട്ടികൾക്ക് കഴിഞ്ഞുവെങ്കിൽ ഇംഗ്ലീഷ് കരുത്തിനെയും മറികടക്കാൻ അപ്രാപ്യമാവില്ല.പക്ഷേ ഫിനിഷിങിലെ വൻ പോരായ്മയും ഡിഫൻസിൽ ഒഴിച്ചിട്ടു അനാവശ്യമായി വരുത്തി വെക്കുന്ന സ്പേസുകളും പിഴവുകളും ആവർത്തിച്ചാൽ സെമിയിൽ വിനീസ്യയസിന്റെ അഭാവത്തെ പഴിച്ചിരിക്കാനേ നമുക്ക് നേരമുണ്ടാവു എന്നുറപ്പ്.

No comments:

Post a Comment