Tuesday, May 30, 2017

" ദ മോസ്റ്റ് കംപ്ലീറ്റ് റൈറ്റ് ബാക്ക് "




By - Danish Javed Fenomeno
(www.danishfenomeno.blogspot.com)

2007 കോപ്പാ അമേരിക്ക ഫൈനൽ വെനെസ്വെലയിൽ നടക്കുന്നു.തികച്ചും യുവതാരങ്ങളടങ്ങിയ രണ്ടാം നിര ടീമുമായി വന്ന ബ്രസീൽ താരസമ്പന്നമാർന്ന ഫുൾ ടീമുമായി ഇറങ്ങിയ അർജന്റീനയോട് ഏറ്റുമുട്ടുന്നു.തുടക്കത്തിൽ തന്നെ എലാനോയുടെ പാസ്സിൽ ബോക്സിന്റെ വലതു മൂലയിൽ നിന്നും ജൂലിയോ ബാപ്റ്റിസ്റ്റയുടെ വെടിയുണ്ട കണക്കെ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ അബാൻഡസീരിയെ നിഷ്പ്രഭമാക്കി വലയിൽ മുത്തമിടുന്നു.എന്നത്തെയും പോലെ മുലകുടി മാറാത്ത യുവരക്തങ്ങളായ കാനറി പയ്യൻമാരുടെ വേട്ടമൃഗമാവാനായിരുന്നു റിക്കൽമിയും അയാളയും വെറോണും സനേട്ടിയും ഹെയിൻസെയും ടെവസും മഷറാനോയും കാമ്പിയാസോയും മെസ്സിയും അടങ്ങുന്ന വമ്പൻ താരനിരയുമായെത്തിയ അർജന്റീനയുടെ വിധി.കാനറി കുഞ്ഞുങ്ങൾ മൽസരത്തിൽ വൻ മേധാവിത്വം പുലർത്തവേ കാനറിപ്പടയുടെ പ്ലേമേക്കറായ യുവതാരം എലാനോ പരിക്കേറ്റ് പുറത്തേക്ക് , പകരം ആര് ഇറങ്ങും? ബ്രസീൽ ആരാധകരിൽ ആശങ്ക പടരുന്നു...

വെർഡൻ ബ്രമന്റെ യുവ പ്ലേമേക്കറായിരുന്ന ഡീഗോ റിബാസിലേക്കായിരുന്നു ഞാനടക്കമുള്ള സെലസാവോ ആരാധകരുടെ കണ്ണ് പോയത്.പക്ഷേ ഡിഫൻസീവ് ചിന്താഗതിക്കാരനും പരുക്കനുമായ ദുംഗ ചിന്തിച്ചത് നേരെ വിപരീതമായിട്ടായിരുന്നു.
സെവിയ്യക്ക് തുടർച്ചയായി രണ്ടു തവണ യുവേഫ കപ്പ് നേടികൊടുത്ത് യൂറോപ്പിൽ സെവിയ്യക്കൊരു മേൽവിലാസമുണ്ടാക്കി കൊടുത്ത ഒരു അൽഭുത യുവ പ്രതിഭയെ ആയിരുന്നു ദുംഗ എലാനോക്ക് പകരക്കാരനായി ഇറക്കിയിരുന്നത്. പ്ലേമേക്കറായും മധ്യനിരക്കാരനായും വിംഗറായും വിംഗ് ബാക്കായും തുടങ്ങി ഏതു പൊസിഷനുകളിലും കളിക്കുന്ന ആൾ റൗണ്ടറായ ഡാനിയൽ ആൽവെസ് എന്ന മാന്ത്രിക പ്രതിഭയെ.ആൽവെസിനെ ഏറെയിഷ്ടപ്പെടുന്ന ഞാൻ ആ സബ്സ്റ്റിറ്റൂഷനിൽ ഏറെ ആഹ്ളാദിച്ചിരുന്നു.

അത് വെറുതെയായിരുന്നില്ല , ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞയുടനെ അർജന്റീനൻ ബോക്സിലേക്ക് ആൽവെസിന്റെ അതി മനോഹരമായ ക്രോസ് ഊർന്നിറങ്ങുന്നു , അർജന്റീന നായകൻ അയാളയുടെ ബോൾ ക്ലിയർ ചെയ്യാനുള്ള വിഫല ശ്രമം സെൽഫ് ഗോളിൽ അവസാനിക്കുന്നു.ഇതോടെ മൽസരത്തിൽ നിന്നും അർജന്റീന പിന്നോക്കം പോകുന്നു.ആദ്യ പകുതി കഴിഞ്ഞു.അർജന്റീനൻ ആക്രമണങ്ങൾ മൈകോണിലും ഗിൽബർട്ടോയിലും യുവാനിലും ജോഷ്വായിലും തട്ടി തകരുന്നു.നിനച്ചിരിക്കെ വീണു കിട്ടിയ ഒരു കൗണ്ടർ അറ്റാക്കിൽ ബോൾ ലഭിച സ്ട്രൈകർ വാഗ്നർ ലോവ് വലതു പാർശ്വത്തിലൂടെ കുതിച്ചു കയറി വരുന്ന ആൽവെസിലേക്ക് മറിച്ചു നൽകുന്നു.അപാരമായ പേസ്സോടെ കേളികെട്ട  അർജന്റൈൻ ഡിഫൻസായ അയാള-സനേട്ടി-ഹെയിൻസെ സഖ്യത്തെ മറികടന്ന് തൊടുത്ത കരുത്തുറ്റ ഷോട്ട് അബാൻഡസീരിയെ മറികടന്ന് വലയിലേക്ക്.എന്നത്തെയും പോലെ ബ്രസീലിൽ നിന്നും കണക്കിന് വാങ്ങി കൂട്ടുന്ന അർജന്റീനക്ക് ഇത്തവണയും പിഴച്ചില്ല.മൂന്ന് ഗോളിന്റെ കനത്ത തോൽവി അതും കാനറികളുടെ രണ്ടാം നിരക്കാരായ യുവതാരങ്ങളോട്.ഫൈനൽ വിജയം ടീം വർക്കിന്റെ വിജയമായിരുന്നെങ്കിലും ഡാനി ആൽവെസിന്റെ പ്രകടനമായിരുന്നു ജയത്തിൽ മുഖ്യപങ്കു വഹിച്ചത്.അവിടെ തുടങ്ങി ഡാനി ആൽവെസെന്ന ഇതിഹാസതാരത്തിന്റെ ജനനം..

സെവിയ്യയിൽ കളിക്കുമ്പോൾ തന്നെ കഫുവിന്റെ പിൻഗാമിയായി ഞാൻ മനസ്സിൽ കണ്ടത് ആൽവെസിനെയായിരുന്നു.പക്ഷേ ആൽബർട്ടോ പരേര പകരക്കാരനായി എടുത്തത് അന്ന് തകർപ്പൻ ഫോമിലുണ്ടായിരുന്ന സീസീന്യോയെയിരുന്നു.പക്ഷേ ഫോമിലില്ലായ്മയും പരിക്കും കാരണം സീസീന്യോ തന്റെ കരിയർ പാഴാക്കി.
തുടർന്നായിരുന്നു മൈകോൺ-ആൽവെസ് റൈവറീ വരുന്നത്.ഒരെ പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടായിരുന്നത് ദുംഗയെ ആശയകുഴപ്പത്തിലാക്കി.പക്ഷേ ആൾറൗണ്ടറായ ഡാനിയെ വലതു വിംഗറുടെ പൊസിഷനിൽ കളിപ്പിച്ചാണ് ദുംഗ ഈ പ്രശ്നം പരിഹരിച്ചത്.

2009 കോൺഫെഡറേഷൻ കപ്പിലും ആൽവെസായിരുന്നു ടീമിനെ സെമിയിൽ രക്ഷിച്ചത്.സൗത്ത് ആഫ്രിക്കക്കെതിരെ ഗോൾ രഹിത സമനിലയിൽ നിൽക്കവേ അവസാന മിനിറ്റുകളിൽ പകരക്കാരനായി ഇറങ്ങിയ ആൽവെസിന്റെ കിടിലൻ ഫ്രി കിക്ക് ഗോളാണ് ബ്രസീലിനെ ഫൈനലിൽ എത്തിച്ചത്.2010 ലോകകപ്പിന് ശേഷം മൈകോൺ ഫോമില്ലായതോടെ ആൽവെസ് മെയിൻ റൈറ്റ്ബാക്കിലെ സ്ഥിര സാന്നിധ്യമായി മാറി.2013 കോൺഫെഡറേഷൻ കപ്പ് വിജയത്തിലും മികച്ച പ്രകടനവുമായി സെലസാവോയിലെ ഒഴിച്ചു കൂടാനാവാത്ത നിറ സാന്നിധ്യമായി ആൽവെസ്.2014 ലോകകപ്പ് സെമിയിൽ ഡാനിയെ മാറ്റി വെറ്ററനായ മൈകോണിനെ സെമിയിൽ എന്തിനു ഇറക്കിയെന്നത് ഇതുവരെ പിടിക്കിട്ടാത്ത സംഗതിയാണ്..

100 മൽസരങ്ങൾ പൂർത്തിയാക്കുന്ന നാലാമത്തെ ബ്രസീൽ ഇതിഹാസമായി മാറിയ ആൽവെസ് കഫുവിനെ പോലെ തന്നെ വയസ്സ് കൂടുന്തോറും വീര്യം കൂടി വരുന്ന മഹാ പ്രതിഭയാണ്.

ഇതിഹാസ നായകൻ കഫുവിന് ശേഷം റൈറ്റ് ബാക്ക് പൊസിഷൻ ആരാധകർക്ക് നിർവചിച്ച കൊടുത്ത താരമാണ് ഡാനി ആൽവെസ്.ബാഹിയയിലെ ജുവാസൈറോയെന്ന ഗ്രാമത്തിലായിരുന്നു ആൽവെസ് ജനിക്കുന്നത്.കർഷകനായ പിതാവിനെ സഹായിക്കുകയായിരുന്നു ഡാനിയുടെ പ്രധാന ജോലി.ഇതിനിടയിൽ ഫുട്‌ബോൾ അവന്റെ രക്തത്തിലലിഞ്ഞു ചേർന്നിരുന്നു.ജുവാസെയിറോയിലൂം സമീപപ്രദേശങ്ങളിലും ഫുട്‌ബോൾ കളിച്ചും ടൂർണമെന്റുകളിലൂടെയും അവൻ വളർന്നു.സപ്പോർട്ടിംഗ് സ്ട്രൈകറായിരുന്നു ഡാനിയുടെ മെയിൻ പൊസിഷൻ.

തെരുവു ഫുട്‌ബോൾ ആയിരുന്നു ആൽവെസിലെ സാങ്കേതിക മികവിനെയും സർഗാത്മകമായ കഴിവും വളർത്തിയിരുന്നത്.പിൽക്കാലത്ത് താൻ സ്വായത്തമാക്കിയ സ്കില്ലും ടെക്നികസും ട്രിക്സും കൃത്യതയാർന്ന ക്രോസുകളും പാസ്സുകളും വികസിപ്പിച്ചെടുത്തതും തെരുവ് ഫുട്‌ബോളിലൂടെയും ഫൂട്സാലിലൂടെയുമായിരുന്നു.തന്റെ കൗമാരത്തിൽ ബാഹിയ ക്ലബിൽ ചേർന്നതോടെ ഡാനി സ്വയം റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ തീരുമാനിക്കുകയായിരുന്നു.ബാഹിയയിലൂടെ വളർന്ന താരം  2003 ൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പോടെയാണ് ലോക ശ്രദ്ധയാകർഷിക്കുന്നത്.ബ്രസീൽ ചാമ്പ്യൻമാരായതിൽ നിർണായക പങ്കു വഹിച്ചത് ഡാനിയായിരുന്നു.ഈ ടൂർണമെന്റിലെ മികവോടെ സെവിയ്യ ഡാനിയുമായി കരാറിലൊപ്പിട്ടു.

സെവിയ്യൻ ക്ലബിനെ ലോകോത്തര ക്ലബാക്കി മാറ്റിയത് ആൽവസായിരുന്നു.ഏത് പൊസിഷനും വളരെ ഈസിയോടെ കളിക്കുന്ന ആൽവെസിനെ കോച്ച് യുവാണ്ട റാമോസ് പരമാവധി ഉപയോഗിച്ചു.ആൽവെസിന് കൂട്ടായി നിരവധി ബ്രസീൽ താരങ്ങളും അന്ന് സെവിയ്യയ്യിൽ ഉണ്ടായിരുന്നു. ഫാബിയാനോ റെനാറ്റോ അഡ്രിയാനോ കൊറിയ തുടങ്ങിയവർ.രണ്ട് തവണ യുവേഫ കപ്പ് ഒന്നുമല്ലാതിരുന്ന സെവിയ്യക്ക് നേടികൊടുത്തത് ഡാനിയാണ്.ഈ സീസണുകൾക്കിടയിൽ നിരവധി ഓഫറുകളാണ് ഡാനിക്ക് യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ നിന്നും വന്നത് ചെൽസി ആഴ്സനൽ ലിവർപൂൾ തുടങ്ങിയ ടീമുകൾ വട്ടമിട്ടു സെവിയ്യക്ക് ചുറ്റും പറന്നപ്പോൾ സെവിയ്യൻ അധികൃതർ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു തങ്ങളുടെ വജ്രായുധത്തെ.

2008 ൽ ബാഴ്സ നൽകിയ 30മില്ല്യൻ കരാർ സെവിയ്യക്ക് നിർവഹിക്കാതെ തരമില്ലായിരുന്നു.ചരിത്രത്തിലെ ഒരു ഡിഫൻഡറുടെ എക്കാലത്തെയും വില കൂടിയ കൈമാറ്റങ്ങളിലൊന്നായിരുന്നത്.
സെവിയ്യയിലെ അഞ്ചു വർഷത്തെ മാസ്മരിക പ്രകടനം ആൽവെസ് ബാഴ്സയിലും തുടർന്നു.പെപ് ഗാർഡിയോളക്ക് കീഴിൽ നിർണായക സാന്നിധ്യമായി ഡാനി വളർന്നു.മെസ്സിക്ക് ഉരുട്ടി നൽകുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്ന ആൽവസായിരുന്നു പെപിന്റെ ബാഴ്സ ടീമിലെ മെയിൻ എഞ്ചിൻ.ലാ ലീഗാ മുതൽ ചാമ്പ്യൻസ് ലീഗുകൾ വാരികൂട്ടിയ ഡാനി ഫിഫ് പ്രോ വേൾഡ് ഇലവനിലെ സ്ഥിരാംഗമായിരുന്നു 2008 മുതൽ.ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡും ആൽവെസിന്റെ പേരിലാണ് ഫുട്‌ബോൾ ദൈവം പെലെയാണ് ഡാനി ഇക്കാര്യത്തിൽ മറികടന്നത്.ക്ലബ് ഫുട്‌ബോളിൽ നേടാവുന്നതെല്ലാം നേടിയ ആൽവെസ് ഇന്റർനാഷനൽ ലെവലിൽ കോപ്പാ അമേരിക്കയും രണ്ട് തവണ കോൺഫഡറേഷൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.ഒരു ലോകകപ്പ് മാത്രമാണ് ആൽവെസിന് കിട്ടാക്കനിയായി ഉള്ളത്.കഴിഞ്ഞ വർഷം ആൽവസുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ച ബാഴ്സ മാനേജ്മെന്റിനെ കാത്തിരിക്കാതെ ഡാനി യുവൻറസിലെക്ക് ചേക്കേറി.

നെയ്മർ ബാഴ്സയിലെത്തിയ ശേഷം 2014 ൽ ലോക ജനതയക്ക് ആൽവസ് തമാശയിലൂടെ വംശീയതെക്കെതിരെ സന്ദേശം നൽകി.വിയ്യാറയലിലെ മൽസരത്തിനിടെ ഒരു വിയ്യാറയൽ ആരാധകൻ കോർണർ കിക്കാനൊരുങ്ങി നിൽക്കുന്ന ആൽവസിന്റെ മുമ്പിലേക്ക് ബനാന വലിച്ചെറിഞ്ഞു.ബനാന കണ്ട ഡാനി എടുത്തു കഴിച്ച ശേഷം കോർണർ കിക്കെടുത്തു.ഈ സംഭവം ലോക മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും വൻ ഹിറ്റായതോടെ ഫിഫ വിയ്യാറയൽ ആരാധകനെതിരെ ആക്ഷനെടുത്തു.ആൽവസിന്റെ പ്രവൃത്തിയെ ലോകമെമ്പാടുമുള്ള രാഷ്ട്രീയ സംസ്കാരിക നായകൻമാരും കായിക ലോകത്തെ ഉന്നത വ്യക്തികളും മുൻ താരങ്ങളും അനുമോദിച്ചു.
വംശീയതക്കതിരെ ഒരു കാമ്പയിൻ തന്നെ ആ സംഭവത്തോടെ മാധ്യമങ്ങളിൽ നടന്നു.

മനുഷത്വത്തിന്റെ പ്രതീകമായ ഡാനി ആൽവസിന്റെ കരിയറിലെ മറ്റൊരു സംഭവമായിരുന്നു ബാഴ്സയിൽ തന്റെ സഹ താരമായിരുന്ന അബിദാലിന് ലിവർ ക്യാൻസർ പിടിപെട്ടപ്പോൾ ലിവർ ശസ്ത്രക്രിയ നിർബന്ധമാണെന്ന് ഡോക്ടർ മാർ വിധിച്ചു.
ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ആൽവസ് പറഞ്ഞു തന്റെ കൂട്ടുകാരന് തന്റെ കരൾ പകുത്തു നൽകാമെന്ന് , തന്റെ സുഹൃത്തിന് വേണ്ടി ജീവൻ പോലും വെടിയാൻ സന്തോഷത്തോടെ ആത്മാഥമായി പറഞ്ഞ ഡാനിയുടെ ആ മനസ്സ് ഫുട്‌ബോൾ ലോകത്തോ കായിക ലോകത്തോ മറ്റാർക്കും കാണില്ല.

ഒരു ദശകത്തിലേറെ കാലമായി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കായ ആൽവസിന്റെയത്ര ലോംങ്ങ്വിറ്റി കരിയർ ഇന്ന് വേറൊരു താരത്തിനുമില്ല.പതിനഞ്ച് വർഷത്തോളമായി ആൽവസ് ഒരേ മികവോടെ പന്തു തട്ടുന്നു.ഇന്ന് മുപ്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ആൽവെസിന് ഇനിയും ഒരുപാട് കാലം അങ്കത്തിന് ബാല്ല്യം ബാക്കിയുണ്ടെന്ന് സമീപകാല പ്രകടനങ്ങൽ തെളിയിക്കുന്നു.

അതുകൊണ്ട് തന്നെയാകാം ടിറ്റെ ഇന്നും കാനറി ടീമിലെ തന്റെ വിശ്വസ്ത വലതു വിംഗ് ബാക്കായി ഡാനിയെ തന്നെ ഉപയോഗിക്കുന്നത്.അപാരമായ പേസ്സും ശാരീരിക ക്ഷമതയും കളത്തിൽ ഏത് പൊസിഷനുകളിൽ കളിക്കാനുള്ള മികവും 
ഒരേ സമയം റൈറ്റ് വിംഗ് കവർ ചെയ്യാനും ഡിഫൻസിൽ ഇന്റർസെപ്ഷൻസ് ചെയ്യാനും ബോൾ റിക്കവർ ചെയ്യുന്നതിലെ കണിശതയും ടാക്ലിംഗുകളും മാർക്കിംഗുകളിലെ മികവും താരത്തെ മറ്റു വിംഗ് ബാക്കുകളിൽ നിന്നും വേറിട്ടു നിർത്തുന്നു. ഓവർലാപ്പിംഗ് റണ്ണുകളുടെ രാജാവാണ് ആൽവസ്.മികച്ച ഡ്രിബ്ലിംഗ് സ്കിൽസും ടെക്നിക്സും വളരെ ചെറുപ്പത്തിലേ രക്തത്തിൽ ലയിച്ചു ചേർന്ന ആൽവ്സിന്റെ കിറു കൃത്യമായ ക്രോസുകൾ ഞാൻ കഫുവിലല്ലാതെ വേറൊരു താരത്തിലും കണ്ടിട്ടില്ല.ഏതൊരു ആംഗിളിൽ നിന്നും പക്കാ ക്രോസുകൾ ബോക്സിലേക്ക് തുടർച്ചയായി പമ്പു ചെയ്യാൻ ആൽവസിനോളം മികവുള്ള ഒരു താരവും ഇന്ന് ലോക ഫുട്‌ബോളിൽ ജനിച്ചിട്ടില്ലെന്ന് ഉറപ്പാണ്.ആൽവസിനെ പോലെ ബ്രസീലിയൻ വിംഗ് ബാക്കുകൾ പൊതുവേ ടീം പ്ലേമേക്കർമാരായിരിക്കും.നിർണായക ഘട്ടങ്ങളിൽ അപ്രവചനീയത പുറത്തടുക്കുന്നവർ.
മികച്ച ഷൂട്ടിംഗ് സ്കിൽസുള്ള താരം കൂടിയാണ് ആൽവെസ്.ഫ്രീ കിക്ക് സ്പെഷ്യലിസ്റ്റാണെങ്കിലും ബാഴ്സയിൽ ആൽവസിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല സെറ്റ് പീസുകളിൽ.ലോംഗ് ഡിസ്റ്റൻസ് ഫ്രീകിക്കിൽ പ്രത്യേക കഴിവു തന്നെയുണ്ട് ആൽവസിന്.

നിലവിലെ ഫോം പരിഗണിച്ച് നോക്കുമ്പോൾ 2018 ലോകകപ്പിൽ ആൽവസ് ഉണ്ടാകുമെന്നുറപ്പാണ്.ഒരു ലോകകപ്പ് കൂടിയേ ആവശ്യമുള്ളൂ മഹത്തരമായ ഡാനി കരിയർ അനശ്വരമാവാൻ.
കാത്തിരിക്കാം നമുക്ക് ഡാനിയുടെ ലോകകപ്പ് വിജയത്തിനായ്...

യുവൻറസിൽ രണ്ട് വർഷത്തെ കരാർ മാത്രമുള്ള ഡാനി അത് ദീർഘിപ്പിക്കുമോ എന്നറിയില്ല.യൂറോപ്പിൽ കരിയർ അവസാനിപ്പിക്കില്ലെന്ന് താരം അഭിപ്രായപ്പെട്ടാട്ടുണ്ട്.താൻ കളിച്ചു വളർന്ന ക്ലബായ ബാഹിയയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആൽവസ് ആഗ്രഹിക്കുന്നത്.

2003-04 മുതൽ സെവിയ്യയിൽ കളിക്കുന്ന കാലം തൊട്ടെ താങ്കളുടെ കടുത്ത ആരാധകനായ ഈ എളിയ സെലസാവോ ഭകതൻ
മുപ്പത്തിമൂന്നാം പിറന്നാൾ ആശംസകൾ നേരുന്നു...പഴകുന്തോറും വീഞ്ഞിന്റെ വീര്യം കൂടുന്നപ്പോലെ ആൽവസിന്റെ വീര്യവും കൂടട്ടെ...

By - #Danish_Javed_Fenomeno

Happy bday #Dani_Alves #Legend

Read n Share

No comments:

Post a Comment