Thursday, March 30, 2017

ഒരു ഓർമ്മ പുതുക്കൽ - 

സെബാസ്റ്റ്യൻ ഡീസ്ലർ - ഒരു ജർമ്മൻ നഷ്ടം




By - Danish Javed Fenomeno

പെഡോൾസ്കി വിരമിച്ചു , ഷ്വെയിൻസ്റ്റിഗർ വിരമിച്ചു ,
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഏതാണ്ട് ഒരേ സമയത്ത് ജർമൻ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചവർ.

ചെറുപ്പകാലങ്ങളിൽ കേട്ട് തഴമ്പിച്ച ജർമ്മൻ പേരുകളായിരുന്നു ജർമൻ ക്യാപ്റ്റൻ ലോതർ മത്യോസു , ക്ലിൻസ്മാൻ  ഇവർക്ക് ശേഷം വന്ന ഹെഡ്ഡർ സ്പെഷ്യലിസ്റ്റും മുൻ നായകനുമായ ഒളിവർ ബിയറോഫ് വിഖ്യാത ഗോളി ഒളിവർ കാൻ ,തുർക്കി വംശജനും എന്റെ ഇഷ്ട ജർമ്മൻ താരവുമായ മെഹ്മത് ഷോൾ , തുടർന്ന് വന്ന ലിങ്കെ നെവില്ലെ ബാലാക്ക് സ്നീഡർ ബ്രസീൽ വംശജരായ പോളോ റിങ്ക് , കുറാനി ,കകാവു എന്നിവരും ഓർമ വെച്ച നാൾ മുതൽ ലിവർപൂൾ ജെഴ്സിയണിഞ്ഞ് മാത്രം കണ്ടിട്ടുള്ള ഹാമ്മൻ ,ആഴ്സനലിന്റെ കരുത്തുറ്റ ഗോളി ലേമാൻ തുടങ്ങിയ ലോകോത്തര താരങ്ങളടങ്ങിയ ജർമൻ ഫുട്‌ബോളിന്റെ രണ്ട് തലമുറകൾ കൊഴിഞ്ഞു പോയപ്പോൾ ജർമൻ ഫുട്‌ബോളിന്റെ ഊർജ്ജ സ്വലതയും പാരമ്പര്യവും ഒട്ടും ചോർന്നു പോവാതെ പിന്തുടർച്ചാവകാശികളായവരായിരുന്നു പെഡോൾസ്കിയും ഷ്വെയിൻസ്റ്റിഗറും.

2005 കോൺഫെഡറേഷൻ കപ്പിലായിരുന്നു ഇരുവരും ലോക ഫുട്‌ബോളിൽ പുത്തൻ താരോദയങ്ങളായി ജർമൻ ഫുട്‌ബോളിൽ അവതരിച്ചതെന്ന് ഓർക്കുന്നു.
അറ്റാക്കിംഗ് മധ്യനിരക്കാനായി കരിയർ തുടങ്ങി
മുൻ ജർമൻ നായകൻ ലോതർ മത്യോസിനെ പോലെ മധ്യനിരയിൽ ഏതു പൊസിഷനും ഉത്തരവാദിത്വത്തോടെ കളിക്കാൻ ശ്രമിക്കുന്ന കഠിനാധ്വാനിയായ മിഡ്ഫീൽഡറായിരുന്ന ഷ്വൈൻസ്റ്റിഗറും പോളിഷ് വംശജനും
ക്ലബ് കരിയറിനേക്കാളും കൂടുതൽ ജർമനിക്ക് വേണ്ടി തിളങ്ങിയ താരമായ കരുത്തുറ്റ വിംഗറായ പെഡോൾസ്കിയും  ലൊക ഫുട്‌ബോളിലേക്ക് പിച്ച വെച്ചു തുടങ്ങുമ്പോൾ ജർമ്മൻ മധ്യനിരയിൽ ബലാക്കിനൊപ്പം ആണിക്കല്ലായ ഒരു പത്താം നമ്പർ താരമുണ്ടായിരുന്നു.
സെബാസ്റ്റ്യൻ ഡീസ്ലാർ...!

പോൾഡിയെയും ബാസ്റ്റനെയും വാനോളം പുകഴ്ത്തുന്ന ഇന്നത്തെ പുതിയ തലമുറയിൽ ഈയടുത്ത കാലത്തായി രൂപപ്പെട്ട ജർമൻ ഫാൻസ് ഇങ്ങനെ ഒരു നാമം പോലും കേട്ടിട്ടുണ്ടാകില്ല. ഒരു പക്ഷേ മുൻ തലമുറ പോലും വിസ്മരിച്ചു പോയ താരം.1990 കളുടെ അവസാനത്തിൽ ലോതറും ക്ലിൻസ്മാനുമടങ്ങുന്ന തലമുറ പോയതോടെ പ്രതിസന്ധിയിലായ ജർമൻ ടീമിന്റെ ഭാവി പ്രതീക്ഷയായി വാഴ്ത്തപ്പെട്ട  മധ്യനിരക്കാരൻ.1998 ലോകകപ്പിൽ ക്രൊയേഷ്യയോട് മൂന്ന് ഗോളുകൾക്ക് തോറ്റതും 1999 കോൺ.കപ്പിൽ  ബ്രസീലിന്റെ രണ്ടാം നിര ടീമിനോട് നാല് ഗോളുകൾക്ക് തകർന്നടിഞ്ഞതും പ്രതിസന്ധിയിലകപ്പെട്ടു പോയ ജർമനിയെ രക്ഷകനാവുമെന്ന് ഏവരും പ്രകീർത്തിച്ച യുവ താരം.

മോൺചെൻഗ്ലാഡ്ബാഹിനോടപ്പം കരിയർ തുടങ്ങിയ പതിനെട്ടുകാരന്റെ വരവ് ബുണ്ടസ് ലീഗയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു.ഒരു മൽസരത്തിൽ മൈധാന മധ്യത്ത് നിന്നും കുതിച്ച സോളോ റൺ അവസാനിച്ചത് സൂപ്പർ  ഗോളിലായിരുന്നു.
യൂറോപ്യൻ താരങ്ങളിൽ വളരെ അപൂർവ്വമായേ ഇത്തരം ഗോളുകൾ നേടാറുള്ളൂ.

മികച്ച പ്രകടനം ലീഗിൽ കാഴ്ചവെച്ചതോടെ ജർമ്മൻ ടീമിലിടം പിടിച്ചു..ബലാക്കിനൊപ്പം മറ്റോരു സൂപ്പർ യുവ താരത്തെ കിട്ടിയതിന്റെ ആനന്ദത്തിലായിരുന്നു ജർമൻകാർ. തങ്ങളുടെ നാഷണൽ ടീമിന്റെ രക്ഷകനായാണ് ഈ പതിനെട്ടുക്കാരനെ അവർ കണ്ടത്.അതോടെ സമ്മർദ്ദത്തിനടിമപ്പെടുകയായിരുന്നു താരം.കരിയർ വികസിപ്പിച്ചെടുക്കാനുള്ള സമയം പോലും അധികൃതറും ഫാൻസും നൽകിയിരുന്നില്ല.കൗമാര പ്രായത്തിൽ തന്നെ നാഷണൽ ടീമിന്റെ രക്ഷകനായി വാഴ്ത്തി ഉത്തരവാദിത്വം താങ്ങാനാവാതെ ഡീസ്ലർ വിഷാദത്തിനും കൂടാതെ തുടർച്ചയായി പരിക്കുകൾക്കും അടിമപ്പെട്ടു.ഇതോടെ ലോകകപ്പ് എന്ന സ്വപ്നം പൊലിഞ്ഞു.ബയേണിൽ കളിച്ചപ്പോഴും ഡീസ്ലറെ കേന്ദ്ര താരമാക്കി ടീമിനെ പണിത ബയേൺ കോച്ചിന്റെ ശൈലിയും താരത്തെ കൂടുതൽ തളർത്തി.
കാൽമുട്ടിന്റെ പരിക്കുകൾ വിടാതെ പിന്തുടരുകയും വിഷാദത്തിന് അടിമപ്പെടുകയും ചെയ്തതോടെ 2006 ലെ സ്വന്തം നാട്ടിലെ ലോകകപ്പും താരത്തിന് നഷ്ടമാക്കി.തന്റെ 27ആം വയസ്സിൽ ഡീസ്ലർ വിരമിച്ചു.

ഒരു കാലത്ത് ബെക്കൻബോവറുടെയും സീലറുടെയും ഫ്രിറ്റ്സ് വാൾട്ടറുടെയും പ്രതിഭയൊട് താരതമ്യം ചെയ്യപ്പെട്ട കൗമാര താരം , പിൽക്കാലത്ത് നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും
ലീഡർഷിപ്പിന്റെയും അപരാപ്ത്യത മൂലം വിഷാദത്തിനും തുടർച്ചയായ പരിക്കിക്കൾക്കും വിധേയനായി തിരശ്ശീലക്കുള്ളിൽ മറഞ്ഞുപോയ താരത്തെ പോൾഡി വിരമിച്ച ഈ ദിനത്തിൽ ഞാൻ ഓർക്കാൻ കാരണം പോൾഡിയുടെ അരങ്ങേറ്റ ടൂർണമെന്റായ 2005 കോൺഫെഡറേഷൻ കപ്പിൽ ജർമൻ നിരയുടെ പ്ലേമേക്കറായിരുന്നു ഇദ്ദേഹം.2000ങ്ങളിലെ ബയേണിന്റെ ചില കളികളും 2005 കോൺ ഫെഡറേഷൻ കപ്പിലുമാണ് ഡീസ്ലറുടെ കളി ഞാൻ കണ്ടിട്ടുള്ളത്. ഇന്ന് പോൾഡിയെയും ബാസ്റ്റനെയും പൊക്കി പോസ്റ്റിടുന്ന ന്യൂ ജെൻ ജർമൻ ആരാധകർ ഈ താരത്തിന്റെ പേരെങ്കിലും ഓർമയിൽ സൂക്ഷിക്കുക.

#Danish

No comments:

Post a Comment