Thursday, January 5, 2017

വിജയം ശീലമാക്കി ടിറ്റെ..,ചരിത്രം കുറിച്ച് നെയ്മർ


Review - Brazil vs Bolivia , World cup qualification , Round 9 , 7/7/2016
Danish Fenomeno
7 October 2016
സമുദ്ര നിരപ്പിൽ നിന്നും 4500 മീറ്റർ ഉയരത്തിൽ ആൻഡിസ് പർവ്വതനിരകളിൽ കിടക്കുന്ന ലോകത്തിന്റെ മേൽക്കൂരയായ ലാ പാസിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തോട് തൊട്ടൊരുമി കിടക്കുന്ന വടക്കൻ ബ്രസീലിലെ നതാലിൽ വന്നിറങ്ങുമ്പോൾ ബൊളീവിയൻസിന് ആത്മവിശ്വാസമേറെയായിരുന്നു.കാൽപ്പന്തു കളിയുടെ സ്വർഗ ഭൂമിയിൽ ഇത് വരെ ജയിച്ചിട്ടില്ലിത്ത ബൊളീവിയ ക്ക് ജയം എന്നത് അപ്രാപ്യമാണെങ്കിലും ജയത്തിന് തുല്ല്യമായ സമനില അവർ സ്വപ്നം കണ്ടിരിക്കാം.അതിന് കാരണവുമുണ്ട് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള വെനെസുലക്ക് തൊട്ടു മുകളിലുള്ള ബൊളീവിയ കഴിഞ്ഞ രണ്ട് യോഗ്യതാ മൽസ്സരങ്ങളിൽ നിന്ന് പെറുവിനെ തോൽപ്പിച്ചും കോപ്പ ചാമ്പ്യൻസായ ചിലിയെ സമനിലയിൽ തളച്ചും നേടിയ നാല് പോയിന്റുമായിരുന്നു അവരുടെ വരവ്.സെപ്റ്റംബറിൽ നടന്ന ക്വാളിഫയിംഗ് മാച്ചുകളിൽ രണ്ടു വിജയം നേടിയ മേഖലയിലെ ഒരേയൊരു ടീമായ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും മികച്ച പ്രകടനം ബൊളീവിയക്കാരുടേതായിരുന്നു.
നതാലിലെ ലോകകപ്പ് സ്റ്റേഡിയമായ അറീന ഡാസ് ഡ്യൂനസിൽ ബൊളീവിയക്കെതിരെ ടിറ്റെക്ക് കീഴിൽ മൂന്നാം മൽസ്സരത്തിന് മഞ്ഞപ്പടയിറങ്ങുമ്പോൾ സമ്മർദ്ദം ഒട്ടുമുണ്ടായിരുന്നില്ല. എന്നാൽ നെയ്മറടക്കമുള്ള താരങ്ങൾക്ക് മഞ്ഞകാർഡ് ഭീഷണിയുള്ളതായിരുന്നു ചെറിയൊരാശങ്ക.ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒൻപതാം മൽസ്സരത്തിനറങ്ങുമ്പോൾ വളരെ വ്യത്യസ്തമായ പരീക്ഷണങ്ങൾക്കായിരുന്നു കോച്ച് ടിറ്റെ തുടക്കം കുറിച്ചത്.
കൊറിന്ത്യൻസ് പരിശീലകനായിരിക്കേ ക്ലബിൽ നടപ്പിലാക്കിയ റൊട്ടേഷൻ സിസറ്റം ടിറ്റേ സെലസാവോ ടീമിലും നടപ്പാക്കാൻ തുടങ്ങുമെന്നതിന്റെ സൂചനകൾ കോച്ച് മൽസ്സരത്തിന് മുമ്പേ നൽകിയിരുന്നു. കളിക്കാർക്ക് മാത്രമല്ല റൊട്ടേഷൻ ബാധകമാക്കുക ടീം ക്യാപ്റ്റനിലും ഈ സിസ്റ്റം നടപ്പിലാക്കുകയായിരുന്നു ടിറ്റേ.
ഒളിമ്പിക്സ് ഫുട്‌ബോൾ കഴിഞ്ഞതോടെ നായക സ്ഥാനം ഉപേക്ഷിച്ച നെയ്മറിന്റെ പകരക്കാരനായി മിറാൻഡയെ ആയിരുന്നു ഇക്വഡോറിനെതിരെ നടന്ന ആദ്യ മൽസ്സരത്തിൽ ടിറ്റേ നായകന്റെ റോൾ ഏൽപ്പിച്ചിരുന്നതെങ്കിൽ, തുടർന്ന് കൊളംബിയെക്കെതിരെ നടന്ന മൽസ്സരത്തിൽ നായക സ്ഥാനം നൽകിയത് ഡാനി ആൽവെസിനായിരുന്നു. എന്നാൽ ബൊളീവിയെക്കെതിരെ നായകന്റെ റോൾ ടിറ്റേ ചുമതലപ്പെടുത്തിയിരിക്കുന്നത് റെനാറ്റോ ആഗുസ്റ്റോയിൽ.
കൊറിന്ത്യൻസിൽ റെനാറ്റോ ക്യാപ്റ്റൻ റോൾ കൈകാര്യം ചെയ്തിരുന്നുവെന്നതും താരത്തിന് അനുഗ്രഹമായി മാറി.
പ്ലെയിംഗ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയായിരുന്നു ടിറ്റേ ടീമിനെയൊരുക്കിയത്..വില്ല്യന് പകരം കോട്ടീന്യോയെയും പരിക്കേറ്റ് പുറത്ത് പോയ മാർസലോക്കും കാസെമിറോക്കും പകരം ഫിലിപെ ലൂയിസിനും ഫെർണാണ്ടീന്യോ ക്കും അവസരം നൽകി.സസ്‌പെൻഷനിലായ പോളീന്യോക്ക് പകരം സെനിതിന്റെ ജൂലിയാനോയെയും ഇറക്കി.
ലോകകപ്പ് സെമിഫൈനൽ തോൽവിയിലെ ദുർബല കണ്ണിയായിരുന്ന ഫെർണാണ്ടീന്യോക്കായിരുന്നു ഡിഫൻസീവ് മധ്യ നിരക്കാരന്റെ ചുമതല.നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരം ദുംഗയുടെ സ്ക്വാഡിൽ സ്ഥിരാംഗമായിരുന്നു.ബോക്സ് ടു ബോക്സ് റോളിൽ ക്യാപ്റ്റൻ ആഗുസ്റ്റോയും സെന്റർ മിഡഫീൽഡിൽ സെനിതിൽ മികച്ച ഫോമിലുള്ള ജൂലിയാനോവിനെയുമായിരുന്നു അണി നിരത്തിയത്.ബാക്കി പൊസിഷനുകളിലൊന്നും പ്രത്രേകിച്ച് മാറ്റമുണ്ടായിരുന്നില്ല.
മനോഹരമായ ബ്രസീലിയൻ ജോഗാ ബോണിറ്റോ യുടെ സ്വത സിദ്ധമായ ഒഴുക്കും താളവുമുള്ള കളി പ്രതീക്ഷിച്ചിരുന്ന ഞാനടക്കമുള്ള ലോകമെമ്പാടുമുള്ള ആരാധകരെ നിരാശപ്പെടുത്താതെ തന്നെയായിരുന്നു കാനറിപ്പടയുടെ തുടക്കം.കഴിഞ്ഞ രണ്ടു മൽസ്സരങ്ങളിലെന്ന പോലെ പൊസഷൻ കീപ് ചെയ്തിട്ടുള്ള ആക്രമണ ഫുട്‌ബോളിനാണ് ടിറ്റെ പദ്ധതിയിട്ടതെന്ന് തുടക്കത്തിലെ തന്നെ ചാരുതയാർന്ന മികച്ച നീക്കങ്ങൾ തെളിയിച്ചു.
നെയ്മറുടെ നേതൃത്വത്തിൽ മികച്ച പാസുകളുമായി മധ്യനിരയിലും ആക്രമണത്തിലും തുടക്കം മുതൽ തന്നെ കളം നിറഞ്ഞാടിയ മഞ്ഞപ്പടയുടെ ആദ്യ മുന്നേറ്റം നെയ്മർ-ജീസസ് സഖ്യത്തിലൂടെയായിരുന്നു.കോട്ടീന്യോ നൽകിയ നീളൻ പാസിലെ നെയ്മർ ടച്ചിൽ ജീസസ് പന്തുമായി കുതിച്ചപ്പോൾ ബോക്സിൽ നിന്ന് ബൊളീവിയൻ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ 19 കാരൻ ജീസസിന്റെ ലെഫ്റ്റ് ഫൂട്ടട് ചിപ്പ് തെല്ലൊന്ന് പിഴച്ചു പുറത്തേക്ക്.ഇതിനിടെ പ്രതിരോധനിരക്കാർ നെയ്മറെയും ജീസസിനെയും ഫൗൾ ചെയ്യുന്നതിൽ മൽസരിക്കുകയായിരുന്നു. പതിനൊന്നാം മിനിറ്റിലായിരുന്നു ബ്രസീലുകാർ കാത്തിരുന്ന നിമിഷമെത്തിയത് ബൊളീവീയൻ പ്രതിരോധ ഭടൻ റാൽഡസിൽ നിന്നും ബോൾ പിടിച്ചെടുത്ത് ഗോൾമുഖത്തേക്ക് കുതിച്ച നെയ്മർക്ക് മുന്നിൽ ഗോളി മാത്രമേയുള്ളൂവെങ്കിലും മറു ഭാഗത്ത് ജീസസിന് പാസ് നൽകി ഗോളിയെ കബളിപ്പിച്ചപ്പോൾ ജീസസ് യാതൊരു സ്വാർത്ഥതയും കാണിക്കാതെ നെയ്മറിന് മറിച്ചു നൽകി.നെയ്മറുടെ ഷോട്ടിനവിടെ വെല്ലുവിളിയുണ്ടായിരുന്നില്ല.നെയ്മറുടെ ബ്രില്ല്യൻസിൽ നെയ്മർ-ജീസസ് സഖ്യത്തിൽ പിറന്നൊരു ഈസി ഗോളായിരുന്നത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ ലെഫ്റ്റ് വിംഗിലൂടെ ലൂയിസും നെയ്മറും നടത്തിയൊരു നീക്കം രണ്ടാം ഗോളായെന്ന് തോന്നിച്ചു.ലൂയിസിന്റെ കൃത്യമായ കിടിലൻ ക്രോസ് ജീസസ് കണക്റ്റ് ചെയ്യുന്നതിന് മുന്നേ ബൊളീവിയൻ ഗോളി പിടിച്ചെടുത്ത് അപകടം ഒഴിവാക്കി.
കോട്ടീന്യോയെ വലതു വിംഗിൽ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് എടുത്ത ആൽവെസിന്റെ ക്രോസ് നായകൻ റെനാറ്റോയുടെ ഹെഡ്ഡർ ലക്ഷ്യം കണ്ടില്ല.ഗോളാക്കാൻ പറ്റാവുന്നൊരു സുവർണ്ണാവസരമായിരുന്നത്.ഗോൾ വീണതോടെ ആക്രമിച്ച് കളിക്കാനൊരുങ്ങിയെങ്കിലും ബ്രസീൽ ബോക്സിൽ യാതൊരു വിധ അങ്കലാപ്പും സൃഷ്ടിചെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.ബൊളീവിയൻസ് മധ്യ നിരയിൽ നിന്നുണ്ടാക്കിയെടുക്കുന്ന നീക്കങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ല.ഇത്കൊണ്ട് തന്നെ റെനാറ്റോയും ഫെർണാണ്ടീന്യോ യും ബൊളീവിയക്കാരുടെ കാലിൽ നിന്ന് ബോൾ ടാക്കിൾ ചെയ്തെടുക്കുമ്പോഴെല്ലാം അവർ ഇരുവരെയും ഫൗൾ ചെയ്യും.ഇത് മൂലം കാനറികൾക്ക് നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാനും അറ്റാക്കിംഗ് ഹാഫിലും പെനാൽറ്റി ബോക്സിലും സമ്മർദ്ദം ചെലുത്തി കളിക്കാൻ വളരെ എളുപ്പത്തിൽ സാധിച്ചു.
വലതു വിംഗിൽ ആൽവെസ് -ജുലിയാനോ ദ്വയത്തിന്റെ നീക്കത്തിലായിരുന്നു കോട്ടീന്യോയിലൂടെ പിറന്ന കാനറികളുടെ രണ്ടാം ഗോൾ.സെനിതിന് വേണ്ടി നടപ്പു സീസണിൽ തകർത്തു കളിക്കുന്ന ജുലിയാനോ തന്നെയായിരുന്നു ഗോളിന്റെ സൂത്രധാരൻ.വലതു വിംഗിൽ ആൽവെസിൽ നിന്ന് ബോൾ സ്വീകരിച്ച് പെനാൽറ്റി ഏരിയയിലേക്ക് കയറിയ സെനിത് അറ്റാക്കിംഗ് മിഡ് ഫീൽ ഡറുടെ സുന്ദരമായൊരു ട്രികിലൂടെ രണ്ട് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് കോട്ടീന്യോക്ക് നൽകി.മറിച്ചൊന്നും ചിന്തിക്കാനുള്ള സമയം കോട്ടീന്യോക്കുണ്ടായിരുന്നില്ല.ലിവർപൂൾ പ്ലേമേക്കറുടെ ഷോട്ട് ഗോളിക്ക് യാതൊരവസരവും നൽകാതെ വലയിലേക്ക്. ബ്രസീലിയൻ ഫുട്‌ബോളിന്റെ പരമ്പരാഗത മനോഹാരിത വിളിച്ചോതുന്നതായിരുന്നു സെലസാവോകൾ നേടിയ രണ്ടാം ഗോൾ. തുടർച്ചയായി രണ്ടാം ഗോൾ വഴങ്ങിയിട്ടും ബൊളിവിയക്ക് മറുപടിയുണ്ടായിരുന്നില്ല.ബ്രസീൽ ഗോൾ കീപ്പർ അലിസണ് കാര്യമായൊരു വെല്ലുവിളിയുമില്ലായിരുന്നു.
അടുത്ത ഊഴം ഫിലിപെ ലൂയിസിന്റേതായിരുന്നു.ജീസസിലൂടെയുള്ളൊരു മുന്നേറ്റം ഫൗൾ ചെയ്ത് പ്രതിരോധിച്ച ബൊളീവിയൻ മധ്യ നിര ബോൾ ക്ലിയർ ചെയ്യുന്നതിൽ പിഴച്ചു ബോൾ കിട്ടിയ നെയ്മർ ബൊളിവർ പ്രതിരോധത്തെ വകഞ്ഞു മാറ്റി മുന്നേറി മൂന്ന് പ്രതിരോധക്കാരെ കീറിമുറിച്ച് ബോക്സിലേക്ക് ഓവർലാപ്പ് ചെയ്ത് വന്ന ലൂയിസിന് തളികയിലെന്നവണ്ണം കൊടുത്ത പാസ്സ് സ്വീകരിച്ച് ലൂയിസ് അടിച്ച കരുത്തുറ്റ ഇടം കാലൻ ഗ്രൗണ്ടർ ഗോളിയെ നിഷ്പ്രഭമാക്കി വലയിലേക്ക്.ലൂയിസ് സെലസാവോ ജെഴ്സിയിൽ നേടുന്ന രണ്ടാം ഗോളായിരുന്നത്.ടീമിലേക്ക് തിരികെയെത്തിയ ലൂയിസിന്റെ കഠിനാധ്വാനത്തിന് ലഭിച്ച അർഹിച്ച പ്രതിഫലമായിരുന്നത്.
മൂന്നാം ഗോൾ അതി സുന്ദരമായി സെറ്റ്-അപ്പ് ചെയ്ത നെയ്മർ പിന്നീട് കൂടുതൽ അപകടകാരിയായി.ഏത് നിമിഷവും ബൊളിവർ വലയിൽ ഗോൾ വീഴുമെന്ന അവസ്ഥയുണ്ടായി.ഈ ഘട്ടത്തിലായിരുന്നു നെയ്മറിന്റെ ഒരു സോളോ ഗോൾ പിറക്കുമെന്ന പ്രതീതി ജനിപ്പിച്ചത്.ഇടതു വിംഗിൽ നിന്ന് മധ്യ നിരയിലൂടെ കൃത്യമായ ഇടവേളകളിൽ മൂന്ന് ബൊളീവിയക്കാരെ ഡ്രിബ്ബ്ൾ ചെയ്തു മുന്നേറി ബോക്സിലെത്തി നെയ്മറുടെ ഷോട്ട് ബൊളിവർ ഡിഫന്റർ ബ്ലോക്ക് ചെയ്തു.ഇതിനു പിറകെയായിരുന്നു നാലാം ഗോൾ പിറന്നത് നെയ്മറിന്റെ ചാട്ടുളി കണക്കെയുള്ളൊരു മുന്നേറ്റത്തിൽ ബൊളിവർ ഡിഫൻസിന് മറികടന്ന് ബോക്സിലേക്ക് ജീസസിന് കൊടുത്ത കിടിലൻ അസിസ്റ്റ് വളരെ പ്രയാസകരമായ ആംഗിളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയുട ഭാവി സ്ട്രൈക്കർ ഗോളിയുടെ തലക്ക് മുകളിലൂടെ തന്റെ ഇടംകാൽ കൊണ്ട് ചിപ്പ് ചെയ്ത് ഗോളാക്കി.ഗോൾ കീപ്പർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
ബ്രസീലിയൻ വണ്ടർ കിഡ്ഡിന്റെ കരിയറിലെ മൂന്നാം ഗോളായിരുന്നത്.ഓർക്കുക വെറും മൂന്ന് മാച്ചിൽ നിന്നാണ് പത്തൊമ്പതുകാരൻ മൂന്നാം ഗോൾ നേടിയത്.നമ്മുടെ സ്ട്രൈക്കർ പൊസിഷൻ ജീസസിനു കയ്യിൽ ഭദ്രമെന്ന് ധൈര്യത്തോടെ തന്നെ വിളിച്ചു പറയാം.
ഹാഫ് ടൈമിന് ശേഷം വളരെ പതുക്കത്തോടെയാണ് കാനറികൾ തുടങ്ങിയത്.ഫസ്റ്റ് ഹാഫിൽ നാല് വ്യത്യസ്ത താരങ്ങൾ ഗോൾ നേടിയത് ടിറ്റെയുടെ ടീം ബ്വിൽഡ് അപ് പ്ലെയിംഗ് ശൈലി വ്യക്തമാക്കുന്നത്.ബൊളീവിയക്കാവകൊരു തിരിച്ച് വരവ് അസാധ്യങ്ങളിൽ അസാധ്യമായിരുന്നു.ബ്രസീലിനാണെങ്കിൽ കൂടുതൽ ഗോളും സ്കോർ ചെയ്യണം.ജീവനില്ലാതെ കളിക്കുന്ന ബൊളീവിയൻസിന്റെ നീക്കങ്ങൾ മധ്യ നിരയിൽ വെച്ച് തന്നെ ഫെർണാണ്ടീന്യോ യും ആഗുസ്റ്റോയും ലൂയിസും പൊളിച്ചു.മാർസലോ മൊറേനോയിലൂടെയും മാർവിനുലൂടെ
നടത്തുന്ന ചില ഒറ്റപ്പെട്ട നീക്കങ്ങളായിരുന്നു ബൊളിവേഴ്സിന് ആകെയുള്ള ആശ്വാസം അങ്ങിനെ വീണു കിട്ടിയ ഒരവസരത്തിൽ മൊറേനോ തൊടുത്ത ഹെഡ്ഡർ അലിസൺ തട്ടിയകറ്റി.ജൂലിയാനോയഉടെ മുന്നേറ്റത്തിൽ പിറന്ന നെയ്മറിന്റെ ശക്തിയായ ഇടം കാൽ ഷോട്ട് ഗൾ കീപ്പർ കോർണർ വഴങ്ങി ഒഴിവാക്കി.തുടർന്ന് ജൂലിയാനോയുടെയും കോട്ടീന്യോയുടെയും ലോംഗ് റേഞ്ചറുകൾ പോസ്റ്റിനെ തൊട്ട് മൂളി പറന്ന് പുറത്തേക്ക് പോയി.പിന്നീട് കണ്ടത് നെയ്മറുടെ ബ്രില്ല്യൻസ് ആയിരുന്നു. കാണികൾക്ക് കൺകുളർമയേകുന്ന നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സുന്ദരമായ സാംബാ നൃത്ത ചുവടുകൾ.നെയ്മറും ജീസസും വീണ്ടും അപകടം സൃഷ്ടിച്ചേകമെന്ന പ്രതീതി പരത്തിയ നീക്കം,നെയ്മറുടെ കൃത്യതയാർന്ന ക്രോസിൽ ക്ലോസ് റേഞ്ചിൽ ജീസസിന്റെ ഹെഡ്ഡർ ലാപ് കുത്തിയകറ്റി
തൊട്ടടുത്ത മിനിറ്റിൽ വീണ്ടും നെയ്മർ-ജീസസ്..! ജീസസിന്റെ മുന്നേറ്റത്തിൽ പിറന്ന പാസ് ബോക്സിൽ നിന്ന് ലഭിച്ച നെയ്മർ വളരെ പ്രയാസകരമായ ആംഗ്ളിൽ നാന്ന് ഇടതുമൂല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ഗോളി ലാമ്പ് രക്ഷിച്ചെടുത്തു.
തുടർന്നായിരുന്നു മൽസ്സരത്തിലെ ഏറ്റവും ദുരന്ത നിമിഷം നടന്നത്.ഒരു ചാലഞ്ചിനിടെ ബൊളീവിയൻ താരം ഡക് നെയ്മറുടെ മുഖം മാന്തിപൊളിച്ചു.രക്തത്തിൽ കുളിച്ച നെയ്മറുടെ മുഖം വേദനിക്കുന്ന കാഴാചയായി മാറി.ഡകിന് ഒരു യെല്ലോ കാർഡ് പോലും കൊടുക്കാൻ റഫറി തയ്യാറായില്ല. ഇതോടെ ടിറ്റെ നെയ്മറെ തിരിച്ചു വിളിക്കാൻ നിർബന്ധിതനായി.പകരം വില്ല്യൻ കളത്തിലിറങ്ങി.ഗബ്രിയേൽ ജീസസിനെയും കയറ്റി പകരം ലിവർപൂളിന്റെ മിന്നും ഫോർവേഡ് ഫിർമീന്യോ ഇറങ്ങി.നെയ്മർ-ജീസസും കയറിയതോടെ ബ്രസീലിയൻ ആക്രമണ ഫുട്‌ബോളിന്റഞ പ്രഹരശേഷി കുറഞ്ഞു.
ലിവർപൂൾ സഖ്യം അടങ്ങിയിരുക്കാൻ തയ്യാറായിരുന്നില്ല.ഫിർമീന്യോയുടെ പാസിൽ കോട്ടീന്യോയുടെ ഷോട്ട് പുറത്തേക്ക് പോയെങ്കിലും തൊട്ടടുത്ത നീമിഷം ഇരുവരുടെയും കൂട്ട്കെട്ടിൽ പിറന്നൊരു മുന്നേറ്റത്തിൽ കോർണർ ലഭിച്ചു.കോർണർ എടുത്ത കോട്ടീന്യോ കൃത്യമായി തന്നെ ആൻഫീൽഡിലെ തന്റെ സഹപാഠിയുടെ തലയിലേക്കൊരു ക്രോസ് ഫിർമീന്യോയുടെ ഈസി ഫ്രീ ഹെഡ്ഡർ ഗോൾ..ജൂലിയാനോക്ക് പകരം സാന്റോസിന്റെ ലുകാസ് ലിമയിറങ്ങിയെങ്കിലും മുന്നേറ്റങ്ങൾക്ക് ചടുലത കണ്ടില്ല അവസാന ഇരുപത് മിനിറ്റുകളിൽ ബ്രസീൽ കൂടുതൽ പരിക്ക് പറ്റാതെ കളിക്കാനാണ് ശ്രമിച്ചത്.ലിമയും വില്ല്യനും അവസാന നിമിഷങ്ങളിൽ കുറച്ചവസരങ്ങൾ സൃഷ്ച്ചെങ്കിലും ലിമ തൊടുത്ത ഷോട്ടുകൾ ഗോൾ കീപ്പർ സേവ് ചെയ്യുകയായിരുന്നു.
തുടർച്ചയായ മൂന്നാം ജയത്തോടെ ബ്രസീൽ രണ്ടാം സ്ഥാനമുറപ്പിച്ചു.ടിറ്റെ തന്റെ പ്ലാനുകൾ വ്യക്തമായി നടപ്പിലാക്കിയത് നെയ്മർ-ജീസസ് സഖ്യത്തിലൂടെയായിരുന്നു.വരും കാലങ്ങളിൽ ബ്രസീലിയൻ ഫുട്‌ബോൾ നെയ്മർ-ജീസസ് കൂട്ട്കെട്ടിൽ ഭദ്രമാണെന്ന് നമ്മൾ ആരാധകർക്ക് നൂറ് ശതമാനം ഉറപ്പിക്കാം.നെയ്മർ-ജീസസും തമ്മിലുള്ള കെമിസ്ട്രി ബ്രസീലിയൻ മുൻ ഇതിഹാസ കൂട്ട്കെട്ടുകളുമായി താരതമ്യം ചെയ്യേണ്ട കാലം അതി വിദൂരമല്ല.
ചരിത്രം രചിച്ച സൂപ്പർ ഗോൾ - അത്യുഗ്രൻ അസ്സിസ്റ്റുകൾ - അവിശ്വസ്നീയ ഡ്രിബ്ലിംഗുകളും ട്രിക്കുകളും - രക്തത്തിൽ കുളിച്ച മുഖം
മൽസ്സരത്തിലെ നെയ്മറുടെ വ്യക്തിഗത പ്രകടനത്തെ ഇങ്ങനെ ചുരുക്കിയെഴുതാം.കരിയറിൽ നെയ്മർ സെലസാവോ ജെഴ്സിയിൽ നേടിയ 49 ആം ഗോളായിരുന്നത്.സീക്കോയുടെ 48 ഗോളെന്ന റെക്കോർഡിന് ഇനി അഞ്ചാം സ്ഥാനം മാത്രം.
താരരാജാവിന് ഇനി തൊട്ടു മുന്നിലുള്ളത് ഫുട്‌ബോൾ ദൈവങ്ങൾ മാത്രം.(പെലെ -77 റൊണാൾഡോ - 62 റൊമാരിയോ -55)..!!
ബൊളീവിയക്കെതിരെയുള്ള ഗോളോടെ ഈയൊരു റെക്കോർഡ് മാത്രമായിരുന്നില്ല നെയ്മർ സ്വന്തമാക്കിയത് കരിയറിൽ 300 ഗോളെന്ന നാഴികക്കല്ലും വെറും 24 വയസ്സ് മാത്രം പ്രായമായ ബ്രസീലിയൻ അൽഭുതം പിന്നിട്ടു.ലോക ഫുട്‌ബോളിലെ നിലവിലെ മികച്ച താരമെന്ന കാര്യത്തിലും തർക്കമില്ല നെയ്മർ മാത്രം...എത്ര മനോഹരമായാണ് നെയ്മർ കളിയുലടനീളം പന്തു തട്ടിയതും ഗോളടിച്ചതു ഗോളിപ്പിച്ചതും അനാവശ്യമായി മഞ കാർഡ് കണ്ടതിനാൽ വെനെസുലക്കെതിരെയുള്ള എവേ മൽസ്സരത്തിൽ നെയ്മറിന് കളിക്കാൻ സാധ്യമല്ലെന്നത് നിരാശയിലാഴ്ത്തുന്നു.
നെയ്മർ കഴിഞ്ഞാൽ ബൊളീവിയക്കെതിരെ കളം നിറഞ്ഞത് ജീസസ് തന്നെയായിരുന്നു.കരിയറിൽ മൂന്നാം ഗോൾ മൂന്നാം മാച്ചിൽ തന്നെ നേടി.അതു വളരെ അനുഭവ സമ്പത്തുള്ള സ്ട്രൈകർമാർ ഗോളടിക്കുന്നത് പോലെ.പാൽമിറാസ് സെൻസേഷന്റെ ഗോളുകളെല്ലാം അത്യുജ്ജല ഫിനിഷിംഗിലൂടെയാണെന്നതും കൗമാര പ്രതിഭയുടെ മാറ്റ് കൂട്ടുന്നു.ബ്രസീൽ കരിയറിൽ മൽസ്സരത്തിൽ ഒരു ഗോൾ എന്ന ശരാശരി നിലനിർത്താനായി.
ബ്രസീലിയൻ ലീഗിൽ ടോപ് സ്കോററായ ജീസസ് അതി വേഗമാണ് സാഹചര്യങ്ങളുമായും ശൈലിയുമായും പൊരുത്തപ്പെടുന്നത്. നെയ്മറില്ലാത്ത സാഹചര്യത്തിൽ വെനെസുലക്കെതിരെ ടിറ്റെ തന്ത്രം മെനയുക ജീസസിനെ മുൻ നിർത്തിയാകുമെന്നുറപ്പ്.
ടിറ്റെയുടെ പരീക്ഷണങ്ങളുടെ വിജയമാണിത്.മൽസരത്തിൽ ക്ഷോഭിച്ചില്ലെങ്കിലും റെനാറ്റോയെ നായകനാക്കിയതിനെ സ്വാഗതം ചെയ്യുന്നു.
പരീക്ഷണാടിസ്ഥാനത്തിലാണെങ്കിലുംകൂടി റെനാറ്റോയെ നായകനായി തെരഞ്ഞെടുത്തത് വേൾഡ് കപ്പ് മുന്നിൽ കണ്ട് തന്നെയാണ്.മികച്ച സാങ്കേതികത്വ ബോധവും മധ്യനിരയിൽ കളിയെ വായിച്ചെടുക്കാനുമുള്ള കഴിവും വർത്തമാന യൂറോപ്യൻ ഫുട്ബോളിലെ മുൻനിര മധ്യ നിരക്കാരെപോലെ ആക്രമണത്തെയും പ്രതിരോധത്തെയും സമന്വയിപ്പിക്കുന്ന കണ്ണിയായി ഒരു യന്ത്രത്തെപ്പോലെ മധ്യ നിരയിൽ പ്രവർത്തിക്കാനുള്ള മികവും റെനാറ്റോയെ നായകനായി തെരഞ്ഞെടുക്കുന്നതിന് ടിറ്റെയെ സ്വാധീനിച്ച ഘടകങ്ങളാകാം. ഓരോ മൽസ്സരം കഴിയുന്തോറും ആഗുസ്റ്റോയിൽ ഈ ഘടകങ്ങളെല്ലാം വികസിച്ച് വരുന്നതായി കാണാം.
എന്നാൽ ചൈനീസ് ലീഗിൽ കളിക്കുന്ന റെനാറ്റോയുടെ കരിയർ ഫോം ലോങ്വിറ്റി യുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയും തരാൻ സാധ്യമല്ല.ഇന്ന് ടീമിലെ അഭിവാജ്യ താരമായി മാറികൊണ്ടിരിക്കുന്ന ആഗുസ്റ്റോ വരും സീസണുകളിലെങ്കിലും യൂറോപ്യൻ ടോപ് ലീഗുകളിലെ ക്ലബുകളിലേക്ക് മാറിയാൽ താരത്തിന്റെ നിലവാരം വർധിക്കുമെന്നുറപ്പിക്കാം.ഇറ്റാലിയൻ ലീഗായിരിക്കും ആഗുസ്റ്റോയെ പോലൊരു സാങ്കേതികത്വവും വൈവിധ്യവും ഒത്തുചേർന്നൊരു മിഡ് ഫീൽ ഡറിന് ഏറ്റവും ബെസ്റ്റ്.
ലിവർപൂളിന്റെ മാജികൽ പ്ലേമേക്കർ കോട്ടീന്യോയെ പ്ലെയിംഗ് ഇലവനിൽ കളിപ്പിച്ചതാണ് സന്തോഷം തരുന്ന മറ്റൊരു പരീക്ഷണം.കോട്ടീന്യോ മുഴുവൻ സമയവും ഒരു ബോൾ പ്ലെയിംഗ് പ്ലേമേക്കറല്ലെങ്കിൽ കൂടി നിമിഷ നേരം കൊണ്ട് കളിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള പ്ലേമേക്കറാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല.കഴിഞ്ഞ രണ്ട് മൽസ്സരങ്ങളിൽ കോട്ടീന്യോ ഇറങ്ങിയ ശേഷമായിരുന്നു വിജയ ഗോളുകൾ പിറന്നത്.കൊളംബിയക്കെതിരെ നെയ്മറിന് കൊടുത്ത ബ്രില്ല്യന്റ് അസിസ്റ്റ് മതി താരത്തിന്റെ ടാലന്റ് അളക്കാൻ.കോട്ടീന്യോ പ്ലെയിംഗ് ഇലവനിൽ വന്നതോടെ പുറത്തായന്ത് വില്ല്യനും.ടീമിന്റെ മധ്യ നിരയിലെ കളിയുടെ ഫ്ലോ നിലനിർത്താനും നഷ്ടപ്പെടാതിരിക്കാനും ഒരു സ്കിൽഫുൾ വിംങറിനേക്കാളും ആവശ്യം മധ്യ നിരയിലോട്ട് ഇറങ്ങി കളിക്കുന്ന നാലാം മിഡ് ഫീൽ ഡറെ കളിപ്പിക്കുകയാണ് ഉചിതം. ഇങ്ങനെയൊരു ഉദ്ദേശ്യമായിരിക്കാം വില്ല്യനു പകരം കോട്ടീന്യോയെ ഇറക്കാൻ ടിറ്റെയെ പ്രേരിപ്പിച്ചത്.
കോച്ച് തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷാക്കാനും കോട്ടീന്യോക്കായി.ഒരു ഗോളും ഒരസിസ്റ്റുമായി താരം നിർണായക സാന്നിധ്യമായി മാറി.
ദുംഗ തഴഞ്ഞ ഫിർമീന്യോയെ ടീമിലേക്ക് തിരികെ വിളിച്ച് പരീക്ഷിച്ചതും ടിറ്റെയുടെ വിജയിച്ച പരീക്ഷണങ്ങളിലൊന്നായി മാറി.പകരക്കാരന്റെ റോളിലിറങ്ങിയ ഫിർമീന്യോ ഗോളടിച്ച് തന്റെ തിരിച്ചു വരവ് ആഘോഷമാക്കി മാറ്റി.
മാത്രവുമല്ല കോട്ടീന്യോ-ഫിർമീന്യോ സഖ്യത്തെ കളിപ്പിക്കുമെന്ന വാക്ക് പാലിക്കാനും ടിറ്റെക്കായി.
സസ്‌പെൻഷനിലായ പോളീന്യോക്ക് പകരം ആര് എന്നുള്ളതിന് റാഫേലും ഓസ്കാറുമൊക്കെ ഉത്തരങ്ങളുണ്ടായിരുന്നെങ്കിലും ടിറ്റെ ജൂലിയാനോയെ പരീക്ഷിച്ചു വിജയം കണ്ടു.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ദുംഗയും ടിറ്റെയും തമ്മിലുള്ള വ്യത്യാസം കാണുക.ടിറ്റെ മൂന്ന് മൽസ്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ അടിച്ചു കൂട്ടിയ ഗോളുകൾ 10 വഴങ്ങിയത് വെറും ഒരു ഗോൾ അതും കൊളംബിയക്കെതിരെ മാർക്വിഞോസ് അടിച്ച സെൽഫ് ഗോൾ..! ദുംഗയുടെ കീഴിൽ കളിച്ചത് ആറ് കളികൾ ജയം -രണ്ട് , സമനില -3 തോൽവി -1 അടിച്ച ഗോളുകൾ - 11 വഴങ്ങിയ ഗോളുകൾ- 8
പഴയ ബ്രസീലിനെ തിരിച്ചു കൊണ്ടുവന്നതിൽ ടിറ്റെക്ക് കുപ്പുകൈ.നെയ്മറില്ലാതെ വെനെസുലക്കെതിരെ അവരുടെ നാട്ടിലാണ് അടുത്ത കളി.ജയത്തോടെ യോഗ്യതാ റൗണ്ടിൽ ഒന്നാമത് എത്തുകയെന്നതാണ് ഇനി ടിറ്റെക്കും ബ്രസീലിനും മുന്നിലുള്ള ലക്ഷ്യം.

No comments:

Post a Comment