Monday, January 30, 2017

ജുനീന്യോ : ദ ഫ്രീകിക്ക് എംപറർ


By - Danish Javed Fenomeno
30 January 2017

"മൈക്കലാഞ്ചലോയുടെ ശിൽപ്പങ്ങൾ പോലെ" "പിക്കാസോയുടെ ചിത്രങ്ങൾ പോലെ" എന്നൊക്കെ പലരും പല വ്യഖ്യാനങ്ങളായും ഉപമകളായും പറയാറുണ്ട്.ഇത്തരത്തിൽ ഫുട്‌ബോൾ ലോകത്ത് പറയാവുന്ന ഒരു അലങ്കാരിക വാക്ക്" ജുനീന്യോയുടെ ഫ്രീകിക്ക് പോലെ".

കാൽപ്പന്തുകളിയിൽ വളരെ വേഗത്തിൽ സ്കോർ ചെയ്യാൻ പറ്റുന്നതും എന്നാൽ സ്കോർ ചെയ്യാൻ ഏറ്റവും പ്രയാസകരവുമായ അവസരമാണ് ഫ്രീകിക്ക്.ഫ്രീകിക്ക് ഒരു കലയാണെങ്കിൽ ജുനീന്യോയെന്ന സെറ്റ്പീസ് മാന്ത്രികൻ തന്നെയാണ് ആ കലയിലെ പിക്കാസോയും ഡാവിൻസിയും മൈക്കലാഞ്ചലോയും വാൻഗോഗുമെല്ലാം , പെനാൽറ്റി സ്പോട്ടിൽ നിന്നും ഗോളാക്കും അനായാസതയോടെ ഡെഡ് ബോൾ സ്പോട്ടിൽ നിന്നും ഫ്രീ കിക്കുകളാൽ ഗോൾ മഴ പെയ്യിച്ച സെറ്റ് പീസ് ആർട്ടിസ്റ്റ്.

എക്കാലത്തെയും മികച്ച ഡെഡ് ബോൾ സ്പെഷ്യലിസ്റ്റ് ആരാണെന്ന് ചോദിച്ചാൽ ജുനീന്യോയെന്ന നാമത്തിന് മീതെ മറ്റൊരു പേരും പറക്കില്ല.താൻ ജനിച്ച പെർണാംബുകാനോ എന്ന വടക്കുകിഴക്കൻ ബ്രസീലിയൻ സ്റ്റേറ്റ് തന്റെ പേരിനൊടപ്പം ചേർത്ത ജുനീന്യോ പെർണാംബുകാനോ.
താൻ വിചാരിച്ച ട്രാജക്റ്ററിയിലൂടെ ബോളിനെ സ്പിൻ ചെയ്യിച്ചും സ്പിൻ ചെയ്യാതെയും ഗോളിയെ കബളിപ്പിച്ച് ഗോളിലേക്ക് പറത്തി വിടുന്ന അൽഭുത സെറ്റ് പീസ് പ്രതിഭാസം.കരിയില ഫ്രീകിക്ക് ഗോളുകളുടെയും ബെന്റ് ഓവർ ഫ്രീ കിക്ക് ഗോളുകളുടെയും ഉപജ്ഞാതാക്കളായ ദിദിയുടെയും സീക്കോയുടെയും യഥാർത്ഥ പിൻഗാമിയായി വാഴ്ത്തപ്പെട്ടവൻ.

ഒരു പക്ഷേ ഇന്നത്തെ തലമുറയിലാണ് ജുനീന്യോ കളിച്ചിരുന്നേൽ അവർക്ക് നെയ്മറോ പിർലോയോ ഹകൻ ചൽഹനോഗുവോ മെസ്സിയോ ക്രിസ്ത്യാനോയോ  ബെയ്ലോ അടിക്കുന്ന ഫ്രീ കിക്ക് ഗോളുകൾ ഒരൽഭുതമായി തോന്നുകയില്ലായിരുന്നു.
അടിസ്ഥാനപരമായി സെൻട്രൽ മധ്യനിരക്കാരനായ ജുനീന്യോ മികച്ചൊരു പാസ്സിംഗ് മിഡ്ഫീൽഡറായിരുന്നു. ,വേഗമില്ലായിരുന്നില്ലങ്കിലും ക്രിയാത്മക നീക്കങ്ങൾ കൊണ്ട് സമ്പന്നമായൊരു പ്ലേമേക്കറും കൂടിയായിരുന്നു.മികച്ച ടാക്ളിംഗുകൾക്കും ഇന്റർസെപ്ഷനുകൾക്കും സ്കോപ്പുള്ള വേണെമെങ്കിൽ ഡിഫൻസീവ് ജോലിയും ചെയ്യുന്ന മധ്യനിരയിലെ വൈവിധ്യമായിരുന്ന വിഭവമായിരുന്നു അദ്ദേഹം.

ലക്സംബർഗോഎന്ന മാന്ത്രിക പരിശീലകനു കീഴിൽ 99 കോൺഫെഡ് കപ്പിൽ ഡീന്യോ ,അലക്സ് ,സീ റൊബർട്ടോ തുടങ്ങിയവർകൊപ്പം അരങ്ങേറ്റം കുറിച്ച ജുനീന്യോക്ക് പക്ഷേ ഇതിഹാസങ്ങളുടെ ചാകരയായ ബ്രസീൽ ടീമിൽ അധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല.2001 കോപ്പയിലെ മോശം പ്രകടനം 2002 ലോകകപ്പിലേകുള്ള സ്ഥാനം നഷ്ടമാക്കിയപ്പോഴും ജുനീന്യോ തളർന്നില്ല.കാർലോസ് ആൽബർട്ടോ പെരേറ വീണ്ടും കോച്ചായതോടെ കൂടാതെ ലിയോണിലെ മികച്ച പ്രകടനങ്ങളും കൂടിയായപ്പോൾ ജുനീന്യോയെ വീണ്ടും സെലസാവോയിലെത്തിച്ചു.

പെരേറയുടെ രണ്ടാം വരവ് ജുനീന്യോയുടെ സെലസാവോ കരിയറിൽ നിർണായകമായി.2005 കോൺഫെഡറേഷൻ കപ്പിലും 2006 ലോകകപ്പിനുമുള്ള ടീമുകളിൽ ഇതിഹാസ നാമങ്ങളോടൊപ്പം ഇടംപിടിച്ചു. പത്തൊൻപതാം നമ്പർ ജെഴ്സി മൂന്ന് വർഷക്കാലം തുടർച്ചയായി അണിഞ്ഞ ജുനീന്യോ 2006 ലോകകപ്പിൽ ജപ്പാനെതിരെ നേടിയ കിടിലൻ ലോംഗ് റേഞ്ചർ ഗോളോടെ ലോകകപ്പിൽ തന്റെ ആദ്യ ഗോളും സ്വന്തം പേരിൽ കുറിച്ചു.

ജപ്പാനെതിരെ ഓട്ടത്തിനിടയിൽ നേടിയ മാസ്മരിക ഗോൾ , 2005 കോൺഫെഡ് കപ്പിൽ ഗ്രീസിനെതിരെ നേടിയ വായുവിൽ തള്ളവിരൽ കൊണ്ട് വായുവിൽ എഴുതിചേർത്ത കാവ്യാത്മകമായ ഫ്രീ കിക്ക് ഗോൾ , ബാഴ്സലോണക്കെതിരെ ലിയോണിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ കോർണർ കിക്കിന്റെ സൈഡിൽ നിന്നു കിട്ടിയ ഡെഡ് ബോൾ കിക്കിനെ മഴവിൽ മനോഹാരിതയിൽ ബോക്സിലെക്ക് ഉയർത്തി വിട്ട് വികടർ വാൽഡെസനെയും ബാഴ്സ ഡിഫൻസിനെയും നോക്കു കുത്തിയാക്കി വലകണ്ണികളിലേക്ക് സ്വിംഗ് ചെയ്യിച്ച് പറന്നീറങ്ങിയ ഞാൻ തൽസമയം കണ്ട എക്കാലത്തെയും മികച്ച ഫ്രീ കിക്ക് ഗോളുകളിലൊന്ന് ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.ഗോൾ കീപ്പിംഗ് ഇതിഹാസം ഒലിവർ കാനിനെ വിഡ്ഢിയാക്കിയ ചാമ്പ്യൻസ് ലീഗിൽ നേടിയ ഫ്രീ കിക്കായിരുന്നു  അദ്ദേഹത്തിന്റെ കരിയറിൽ ഞാൻ കണ്ട മറ്റൊരു മനോഹര  ഫ്രീകിക്കുകളിലൊന്നു. 40 വാര അകലത്തിൽ നിന്നും ഡെഡ് ബോൾ തൊടുത്ത് ഒലിവറിനെ മറികടക്കുക മനുഷ്യ സാധ്യമിയിരുന്നില്ല.എന്നാൽ ജുനീന്യോ വളരെ ഈസിയായി തന്നെ വലതു കോർണറിലേക്ക് ട്രാജക്റ്ററി വരച്ചു.അപ്രവചീനയമായ മറ്റൊരു ഫ്രീകിക്ക് ഗോളിന്റെ പിറവിയാരുന്നത്.ഇത്തരത്തിൽ നിരവധി ഗോളുകൾ തുടങ്ങി മറക്കാനാവാത്ത മുഹൂർത്തങ്ങളാണ് ജുനീന്യോ സമ്മാനിച്ചത്.




കാനറിപ്പടയോടൊപ്പം നാല്പ്പതു മൽസരങ്ങൾ ബൂട്ടു കെട്ടിയപ്പോൾ നേടിയത് ഏഴ് ഗോളുകൾ , അതിൽ നാലും മനോഹരമായ ഫ്രീ കിക്ക് ഗോളുകൾ..
വാസ്കോ ഡാ ഗാമ ഫാൻസിന് റൊമാരിയൊയളം പ്രിയപ്പെട്ട ഇതിഹാസം തന്നെയാണ് ജൻമം കൊണ്ട് റിയോ കാരനല്ലെങ്കിലും കർമ്മം കൊണ്ട് റിയോ കാരനായ ജുനീന്യോ.റൊമാരിയോ എഡ്മുണ്ടോ ജുനീന്യോ പോളിസ്റ്റ യൂളർ തുടങ്ങിയ താരങ്ങളോടപ്പമുള്ള കൂട്ട്കെട്ട് ജുനീന്യോയുടെ പ്രശസ്തി വർധിക്കാനും കരിയർ വളർച്ചയിലും നിർണായകമായിരുന്നു.ഈ കുട്ട്കെട്ട് സാവോ ജനാരിയോയുടെ ആവേശമായിരുന്നു ഒരു കാലത്ത്.
 2000 ങ്ങളിൽ വൻ ക്ലബുകൾ ഭയക്കുന്ന കറുത്ത കുതിരകളായി യുറോപ്യൻ ഫുട്‌ബോളിൽ ലിയോൺ മാറിയതിലും ജുനീന്യോയുടെ പങ്ക് വലുതാണ്.പ്രത്യേകിച്ചു ചാമ്പ്യൻസ് ലീഗിൽ റിയലടക്കമുള്ള വൻ ക്ലബുകളുടെ സ്ഥിരം വഴിമുടക്കികളായിരുന്നു ഫ്രഞ്ച് ചാമ്പ്യൻസായിരുന്ന ലിയോൺ.അതിന് ചുക്കാൻ പിടിച്ചത് ജുനീന്യോ തന്നെയായിരുന്നു.

ലിയോൺ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച  ഇതിഹാസ താരങ്ങളിലൊരായി സ്ഥാനം പിടിച്ച ജുനീന്യോ ക്ലബിന് വേണ്ടി കളിച്ച 240ഓളം മൽസരങ്ങളിൽ നിന്ന് നേടീയ 75 ഗോളുകളിൽ 45 ഗോളുകളും ഫ്രീ കിക്കിൽ നിന്നു തന്നെയാണെന്നത് സെറ്റു പീസുകളിൽ ജുനീന്യോക്ക് ജൻമ സിദ്ധമായി ലഭിച്ച ദൈവിക അനുഗ്രഹം നമുക്ക് വ്യക്തമാക്കാവുന്നതാണ്.തന്റെ കരിയറിൽ മൊത്തം ഇരുന്നൂറോളം ഗോൾ നേടിയ പെർണാംബുകാനോയിലെ കാനറി പക്ഷിയുടെ ഫ്രീ കിക്ക് ഗോൾ ശേഖരം എൺപതിലധികമാണ്.ഒരു കൗതുകരമായ വസ്തുതയെന്തന്നാൽ ജുനീന്യോ ലിയോൺ വിട്ട ശേഷം ലിയോൺ ലീഗ് ചാമ്പ്യൻമാരായിട്ടില്ല.അത് പോലെ തന്നെ ജുനീന്യോ വാസ്കോ വിട്ട ശേഷം വാസ്കോയും ബ്രസീലിയൻ ലീഗ് വിജയിച്ചിട്ടില്ല.ഇവിടെയാണ് ജുനീന്യോയെന്ന യഥാർഥ ലീഡറുടെ മഹത്വം മനസിലാവുക.

ജുനീന്യോയുടെ ഫ്രീകിക്കുകൾ പിൻതലമുറക്ക് പ്രചോദനമേകുമെന്നതിൽ തർക്കമില്ല.പിർലോ ദ്രോഗ്ബ ക്രിസ്ത്യാനോ തുടങ്ങീയവർ ജുനീന്യോയുടെ ഫ്രീകിക്കുകളിൽ നിന്നും inspired ആയവരോ പഠിച്ചെടുത്തവരോയാണ്. ജുനീന്യോയെ കുറിച്ചു പിർലോ പറഞ്ഞ വാക്കുകളിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ സെറ്റ്പീസ് മാജിക് ഇൻഫ്ലുവൻസ് ഈ തലമുറയിലും വരും തലമുറയിലും എത്രത്തോളം പടർന്നു പിടിച്ചെന്നത് വ്യക്തമാണ്.

"ജുനീന്യോയുടെ ഫ്രീകിക്കുകളിൽ അയാൾ വിചാരിച്ച ദിശയിലൂടെ തന്നെ ലക്ഷ്യത്തിലേക്ക് ബോൾ ട്രാജകറ്ററി ചെയ്യിക്കുന്നത് കണ്ട് ഞാൻ അൽഭുതം കൂറിയിട്ടുണ്ട്.എങ്ങനെയാണിത് സാധിക്കുന്നത്? ജുനീന്യോയുടെ ആ രഹസ്യം കണ്ടെത്താൻ വേണ്ടി അദ്ദേഹത്തിന്റെ ഫ്രീകിക്ക് വീഡിയോകൾ കണ്ട് സ്ഥിരമായി പഠനം നടത്തിയിട്ടുണ്ട് ഞാൻ.അപ്പോഴാണ് രഹസ്യം പിടികിട്ടിയത് അദ്ദേഹം ബോൾ തൊടുക്കുന്നത്ത ള്ളവിരലുപയോഗിച്ചാണ്".അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഫ്രീകിക് ടെക്നിക്കുകൾ പഠിച്ചത്.എക്കാലത്തെയും മികച്ച ഫ്രീകീക്ക് വിദഗ്ധനാണദ്ദേഹം".

പൊതുവേ ഫ്രികിക്ക് എടുക്കാറ് ബോളിനെ കാൽപാദത്തിന്റെ ഉള്ളം കൊണ്ട് തൊടുക്കുന്ന ഇൻസ്വംഗ് ഷോട്ടുകളും കാൽപത്തി കൊണ്ടു ഔട്ട്സ്വിംഗ് ഷോട്ടുകളാണ്.പക്ഷേ ഈ രണ്ട് തരം ഷോട്ടുകൾക്ക് പുറമേ ജുനീന്യോ കണ്ടെത്തിയ ടെക്നിക്കാണ് തന്റെ തള്ളവിരലും തള്ളവിരലിനോട് ചേർന്ന് നിൽക്കുന്ന വിരലും ചേർത്ത് ബോൾ തൊടുക്കുക.അപ്പോൾ കൂടുതൽ കൃത്യതയോടെ മനസ്സിൽ  വരച്ചിട്ട ലൈനിൽ ബോൾ സഞ്ചരിച്ചു കൊണ്ട് ഗോൾ കീപ്പറെ കബളിപ്പിച്ച് ലക്ഷ്യം കാണും.ജുനീന്യോയുടെ മിക്ക ഫ്രീകീക്ക്ക്ക ഗോളുകളിലും ഈ സ്വഭാവസവിശേഷത കാണാം.ക്രിക്കറ്റിലും ബേസ്ബോളിലുമെല്ലാം ബൗളർമാർ  ബോളിനെ അപ്രവചനീയമായി വായുവിൽ സ്വിംഗ് ചെയ്യിച്ചുകൊണ്ടുള്ള ടെക്നിക്കുകൾ  കാൽപ്പന്തുലോകത്തിൽ കാല് കൊണ്ട് വിജയകരമായി നടപ്പിലാക്കിയതിൽ ജുനീന്യോക്ക് നിർണായക പങ്കുണ്ട്.ഫ്രീകിക്ക് എടുക്കുമ്പോൾ ജുനീന്യോ ശരിക്കും പറഞ്ഞാൽ ക്രിക്കറ്റിലെ ഒരു സ്വിംഗ് ബൗളറായി മാറുന്നു.24അടി പോസ്റ്റിനെ ലക്ഷ്യം വെച്ച് കാല് കൊണ്ട് ബൗൾ ചെയ്യുന്ന സ്വിംഗ് ബൗളർ.

ദൈവത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള വിധി പോലെ തന്നെ ജുനീന്യോയുടെ ജനനം തന്നെ ഫ്രീകിക്കുകളാൽ മാന്ത്രികത സൃഷ്ടിച്ച് ആസ്വാദകരെ ആനന്ദിപ്പിക്കാനും അൽഭുതപ്പെടുത്താനുമായിരിക്കാം. എക്കാലത്തെയും മികച്ച ഫ്രീ കിക്ക് വിദഗ്ധൻ എന്ന വിശേഷണത്തിനുള്ള അർഹത പെർണാംബുകാനോയിലെ മുൻ വാസ്കോ താരത്തിന് മാത്രം സ്വന്തമാണ്.കാൽപ്പന്തു ലോകത്തിന്റെ കാലചക്രം നൂറ്റാണ്ടുകൾ പിന്നിട്ടാലും ജുനീന്യോ പെർണാംബുകാനോ "ഫ്രീകിക്ക് രാജാവ്" എന്ന ലേബലിൽ അനശ്വരനായി തന്നെ നില നിൽക്കും.

Danish Fenomeno

Feliz Aniversario Juninho Pernambucano

No comments:

Post a Comment