Thursday, January 5, 2017

ടിറ്റെ മയം ; കാനറികൾ പറന്നു ഒന്നാം സ്ഥാനത്തേക്ക്.

Review - Venezuela vs Brazil World Cup Qualifiyer 2016 Round 10, 12/9/2016
Danish Fenomeno
12 Octobar 2016





തുടർച്ചയായ മൂന്ന് വിജയങ്ങളുമായി ഒന്നാം സ്ഥാനമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ടിറ്റെയും സംഘവും ലാറ്റിനമേരിക്കയിലെ ആൻഡിസ് പർവത നിരകളിലെ ഹൈ ആൾറ്റിറ്റ്യൂഡ് സിറ്റികളിലൊന്നായ വെനെസുലയിലെ മെദിരയിൽ വിമാനമിറങ്ങിയത്.ടിറ്റെയെ സംബന്ധിച്ചിടത്തോളം ഇക്വഡോറിനെതിരെ ക്വിറ്റോയിൽ നടന്ന തന്റെ അരങ്ങേറ്റ മൽസ്സരം പോലെ തന്നെ പ്രധാനപ്പെട്ട മൽസ്സരമായിരുന്നു വെനെസുലക്കെതിരെയും.
കാരണമെന്തന്നാൽ ടിറ്റെയുടെ കീഴിൽ നെയ്മറില്ലാതെ കാനറികൾ കളിക്കുന്ന ആദ്യ മൽസ്സരം.
നെയ്മറില്ലാതെ ലോകകപ്പിലും കോപ്പയിലുമടക്കം സ്കോളരിക്കും ദുംഗങ്ങക്കും കീഴിൽ ടീം പതറിയതു നമ്മൾ കണ്ടതാണ്. അത്കൊണ്ട് തന്നെ കൃത്യമായ ഗൃഹപാഠം ചെയ്ത് വളരെ ആസൂത്രിതമായി തന്നെയായിരുന്നു കോച്ച് ടിറ്റെ ടീമിനെയൊരുക്കിയത്.
ഫിഫ റാങ്കിംഗിൽ 60ആം സ്ഥാനക്കാരും പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ വെനെസുലയെ വില കുറച്ച് കാണാനാവില്ലെന്ന് അവരുടെ മുൻ മൽസ്സരഫലങ്ങൾ തെളിയിച്ചതാണ്.സ്വന്തം നാട്ടിൽ അർജന്റീനയെ 2-2 ന് സമനില പിടിച്ചവരാണവർ.
കഴിഞ്ഞ മൂന്ന് മൽസ്സരങ്ങളിലായി ടീമിലെ ക്യാപ്റ്റൻ റോളിൽ ടിറ്റെ നടപ്പാക്കികൊണ്ടിരിക്കുന്ന റൊട്ടേഷൻ സിസ്റ്റം മെദിരയിലും പരീക്ഷിച്ചു.
ഇത്തവണ നായകന്റെ ചുമതല ഫിലിപെ ലൂയിസിനായിരുന്നു.നെയ്മറിന് പകരം വില്ല്യനും
സസ്‌പെൻഷനിലായിരുന്ന പോളീഞോയും തിരിച്ചെത്തിയതായിരുന്നു ലൈനപ്പിലെ പ്രധാന മാറ്റങ്ങൾ.
പൊസഷൻ ഗെയിമിന് പ്രാധാന്യം നൽകി കൊണ്ട് തന്നെയായിരുന്നു ടിറ്റെ തന്ത്രങ്ങൾ മെനഞ്ഞത്.നെയ്മറുടെ അഭാവത്തിൽ ജീസസിനും വില്ല്യനും തന്നെയായിരുന്നു ആക്രമണ ചുമതല.
കഴിഞ്ഞ മൽസ്സരങ്ങളിലെന്ന പോലെ തുടക്കത്തിൽ ഗോൾ നേടി എതിരാളികളെ സമ്മർദ്ദത്തിലാഴ്ത്തുക എന്ന പതിവ് ഇക്കുറിയും മഞ്ഞപ്പട തെറ്റിച്ചില്ല.അരങ്ങേറ്റ മൽസരത്തിൽ തന്നെ ഇരട്ട ഗോളടിച്ച് ബൃഹത്തായ ബ്രസീലിയൻ കാൽപ്പന്തുചരിത്രത്തിലിടം നേടിയ അൽഭുത പ്രതിഭ ഗബ്രിയേൽ ജീസസായിരുന്നു മൽസ്സരത്തിലെ പ്രധാന ആകർഷണം.തന്നിൽ കോച്ചും ആരാധകരും അർപ്പിച്ച വിശ്വാസത്തിനു തെല്ലും കോട്ടം തട്ടാതെ കാത്ത് സൂക്ഷിക്കാൻ കൗമാര പ്രതിഭക്ക് കഴിഞ്ഞു.അതിന് തെളിവായിരുന്നു ആദ്യ ഗോൾ.വെനെസുല ഗോളി ഡാനി ഫെർണാണ്ടസിന്റെ അലക്ഷ്യമായ പാസ് പിടിച്ചെടുത്ത് വീണ്ടുമൊരു സുന്ദരമായ ചിപ്പ് ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചു.തുടർന്നങ്ങോട്ട് കഴിഞ്ഞ മൽസ്സരങ്ങളിൽ നിന്ന് വിഭിന്നമായി ലക്ഷ്യ ബോധമില്ലാതെയായിരുന്നു നീക്കങ്ങളധികവും.
മുന്നേറ്റനിരയിൽ കോട്ടീന്യോയും ജീസസും ഇടതു വിംഗിൽ ലൂയിസിന്റെ സഹായത്തോടെ ഡിഫൻസിനെ കബളിപ്പിച്ച് ചില നീക്കങ്ങൾ സൃഷ്ടിച്ചെങ്കിലും മുതലാക്കാനാകാതെ പോയതിൽ നെയ്മറെ പോലൊരു താരത്തിന്റെ അഭാവം പ്രകടമായിരുന്നു.
നെയ്മറിന്റെ പൊസിഷനിൽ കളിച്ച കോട്ടീന്യോ ആദ്യ പകുതിയിൽ തരക്കേടില്ലാതെ കളിച്ചെങ്കിലും രണ്ടാം പകുതിയിൽ നിരാശപ്പെടുത്തി.മധ്യ നിരയിൽ ലുകാസ് ലിമയെയോ ജൂലിയാനോയെ കളിപ്പിച്ചിരുന്നേൽ കോട്ടീന്യോയെ പോലെയുള്ളൊരു താരത്തിന് കൂടുതൽ സ്വാതന്ത്രമായി കളിക്കാനും അവസരങ്ങൾ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞേനെ.ഇങ്ങനെ യൊരു ട്രാൻസിഷൻ ടിറ്റെ പ്ലെയിംഗ് ഇലവനിൽ നടത്തിയിരുന്നേൽ ജീസസിനും റെനാറ്റോക്കും ഉപകാരപ്രദമായേനെ.
വലതു വിംഗിൽ വില്ല്യൻ ഫോമിലേക്ക് തിരിച്ചെത്തിയതാണ് എടുത്തു പറയേണ്ടത്.സ്പേസ് കിട്ടിയാൽ ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തി അവസരങ്ങൾ ഒരുക്കിയെടുക്കുന്നതിൽ മികവു കാട്ടുന്ന ചെൽസി വിംഗർ ആദ്യ പകുതിയിൽ പതറിയെങ്കിലും രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം.ഇടതു വിംഗിൽ നിന്നുള്ള റെനാറ്റോയുടെ ക്രോസ് അതി വിദഗ്ധമായി വലയുടെ വലതു കോർണറിലേക്ക് കണക്റ്റ് ചെയ്തായിരുന്നു വില്ല്യന്റ ഫിനിഷിംഗ്..
പരുക്കനടവുകളിലൂടെ ജീസസനിയും വില്ല്യനെയും തുടർച്ചയായി ഫൗൾ ചെയ്യുന്നതിൽ വെനെസുലൻ പ്രതിരോധനിരക്കാർ മൽസരിക്കുകയായിരുന്നു.മുന്നേറ്റത്തിൽ ജീസസിന്റെയും വില്ല്യന്റേയും അവസരത്തിനൊയർന്ന പ്രകടനങ്ങൾ മൽസ്സര ഫലത്തെ കാര്യമായി തന്നെ സ്വാധീനിച്ചു.
മധ്യനിരയിൽ പൊസിഷൻ നിലനിർത്തിയെങ്കിലും ഭാവനാത്മകതമായ തനതു ബ്രസീലിയൻ സാംബാ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞില്ല.നെയ്മറുടെ അഭാവം ടീമിന്റേ മൊത്തം പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
പോളീഞ്ഞോ മധ്യ നിരയിലെ ദുർബലകണ്ണിയായിരുന്നു.വെനെസുലൻ മുന്നേറ്റനിരക്കാരായ റൊണ്ടനേയും മാർട്ടിനെസിനെയും മധ്യ നിരക്ക് തളച്ചിടാൻ കഴിയാതെ പോയത് പലപ്പോഴും പ്രതിരോധനിരക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
റെനാറ്റോയും ഫെർണാണ്ടീന്യോയും താരതമ്യേനെ ശരാശരി പ്രകടനം പുറത്തെടുത്തു.പ്രത്യേകിച്ചും കാസെമിറോയുടെ പൊസിഷനിൽ കളിക്കുന്ന ഫെർണാണ്ടീന്യോ യുടെ ടാക്ലിംഗുകളും പ്രസ്സിംഗും മികവുറ്റതായിരുന്നു.പാസ്സിംഗിലെ പോരായ്മകൾ വെളിവാക്കുന്നതിൽ മുൻപന്തിയിൽ പോളീന്യോയായിരുന്നു.
പാസുകൾ തുലച്ച് പൊസഷൻ നഷ്ടപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചതും താരം തന്നെയായിരുന്നു.എതിർ ടീമിന്റെ നീക്കങ്ങൾ മധ്യ നിരയിൽ വെച്ച് തകർത്ത് കളയുകയും മുൻനിരക്കാർക്ക് യഥേഷ്ടം സപ്ലേ നൽകുകയുമെന്ന തന്റെ കർമ്മം നിർവഹിക്കാൻ പോളീന്യോക്ക് സാധിച്ചില്ല.മാത്രവുമല്ല ജീസസും കോട്ടീന്യോയും പെനാൽറ്റി ബോക്സിലേക്ക് തളികയിലെന്നവണ്ണം ക്ലോസ് റേഞ്ചിലേക്ക് വെച്ച് കൊടുത്ത രണ്ട് സുവർണ്ണാവസരങ്ങളും ഗോളിയുടെ കൈകളിലേക്കടിച്ച് തുലക്കുകയായിരുന്നു മുൻ കൊറിന്ത്യൻസ് താരം.
റെനാറ്റോ കഴിഞ്ഞ മൽസ്സരങ്ങളിലെന്ന പോലെ മധ്യ നിരയിൽ കൂടുതൽ ശ്രദ്ധ പുലർത്തിയില്ല.വെനെസുലൻ താരങ്ങളെ മാർക്ക് ചെയ്യുകയെന്ന ചുമതല കൂടതലായും ഫെർണാണ്ടീന്യോ പോളീഞ്ഞോമാർക്കായിരുന്നു. റെനാറ്റോ ഇടതു വിംഗിൽ കോട്ടീന്യോയെയും വലതു വിംഗിൽ വില്ല്യനെയും ആക്രമണത്തിൽ സഹായിക്കുന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്.ഡീപ്-ലെയിംഗ് പ്ലേമെക്കറുടെ ജോലി പൂർണ അർത്ഥത്തിൽ നിർവഹിക്കാനും നെയ്മറുടെ അഭാവത്തിൽ മികച്ച ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആഗുസ്റ്റോക്ക് കഴിഞ്ഞില്ലെങ്കിലും താരത്തിന്റെ ലോംഗ് റേഞ്ചറുകൾ പലപ്പോഴും വെനെസുലൻ ഗോളി ഫെർണാണ്ടസിന് തലവേദന സൃഷ്ടിച്ചു.വില്ല്യൻ രണ്ടാം പകുതിയിൽ പ്രയാസകരമായ ആംഗ്ളിൽ നിന്ന് നേടിയ ഗോളിന് ക്രോസ് നൽകിയതും റെനാറ്റോയായിരുന്നു.
മധ്യ നിരയിലെ പിഴവുകൾ കൊണ്ട് പ്രതിരോധത്തിൽ പറ്റിയ പാളിച്ചകൾ പലപ്പോഴും ഭീതി പരത്തി.മാർട്ടിനെസിന്റെയും റോണ്ടൺന്റേയും ക്രോസുകളും ഷോട്ടുകളും ക്ലിയർ ചെയ്യുന്നതിൽ മികവു കാണിച്ചത് മിറാൻഡയായിരുന്നു.ബോക്സിലേക് വന്നൊരു അപകടകരമായ ക്രോസ് വളരെ പണിപ്പെട്ടാണ് മിറാൻഡ കുത്തിയകറ്റി കോർണർ വഴങ്ങിയത്.മിറാൻഡ-മാർക്വിഞോസ് സഖ്യത്തിന് സഹായകമായത് ഫെർണാണ്ടീന്യോ യുടെ ഇടപെടലുകളായിരുന്നു.പതിവിന് വിപരീതമായി വിംഗ ബാക്കുകൾ കയറി കളിക്കുന്നതിൽ ഒരൽപ്പം മടി കാണിച്ചിരുന്നു.ആൽവെസ് വില്ല്യന് സപ്പോർട്ട് കൊടുത്തു കയറുമ്പോഴെല്ലാം ഡിഫൻസ് കവർ ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നു.
ഫിലിപെ കൂടുതൽ അറ്റാക്കിനു ശ്രമിക്കാതെ ഡിഫൻസിൽ വിള്ളൽ വീഴാതെ കളിക്കാനാണ് ശ്രമിച്ചത്.ലൂയിസിന്റെ പ്രകടനം ആൽവസിനേക്കാൾ ഭേദപ്പെട്ടു നിന്നു.
കഴിഞ്ഞ മൂന്ന് മൽസ്സരങ്ങളിലും കാര്യമായി വെല്ലുവിളികളൊന്നും അലിസണ് നേരിടേണ്ടി വന്നില്ല.എന്നാൽ വെനെസുലക്കെതിരെ അലിസണ് പിടിപ്പതു പണിയായിരുന്നു മൽസരത്തിൽ നാല് മികച്ച സേവുകളാണ് അലിസൺ നടത്തിയത്.ടീമിന്റെ പ്രതിരോധത്തിലെ വിള്ളലുകൾ വെളിവാക്കുന്നു.
മൽസ്സരത്തിൽ വില്ല്യൻ മികച്ച പ്രകടനം നടത്തിയെങ്കിലും ഏറ്റവും മികച്ച താരം ഗബ്രിയേൽ ജീസസ് തന്നെയായിരുന്നു.തന്റെ കരിയറിലഎ നാലാം മാച്ചിൽ നാല് ഗോളടിച്ച് വൺ ഗോൾ/ഗെയിം എന്ന ശരാശരി നിലനിർത്താൻ പാൽമിറാസ് വണ്ടർ ബോയ്ക്ക് കഴിഞ്ഞു.ബ്രസീൽ-മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ഇനി ദിവസങ്ങളെണ്ണി കാത്തിരിക്കാം താരത്തിന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിനായി.
പരിശീലിപ്പിച്ച നാല് മൽസ്സരങ്ങളിലും വ്യക്തമായ മാർജിനോടെ വിജയങ്ങൾ, ആറാമതായീരുന്ന കാനറികൾക്ക് ഒന്നാം സ്ഥാനത്തേക്ക് ചിറകടിച്ചുയരാൻ ജീവൻ നൽകിയത് ടിറ്റെയുടെ മാന്ത്രിക തന്ത്രങ്ങൾ തന്നെയായിരുന്നു.വരുന്ന നവംബറിൽ അർജന്റീനയെ തകർത്ത് റഷ്യൻ ലോകകപ്പിലേക്കുള്ള ദൂരം ഒരു വിജയം മാത്രമകലെയാക്കാൻ തന്നെയാണ് ടിറ്റെയും നെയ്മറും ലക്ഷ്യം വെക്കുന്നത്.

2 comments: