Thursday, January 5, 2017

ദൈവം രചിച്ച തിരക്കഥയിൽ പിറന്ന ' ഒരു ഒളിമ്പിക്സ് വീരഗാഥ '

Article about Olympic football 2016
Danish Fenomeno
22 August 2016
യക്ഷിക്കഥ പോലെ വിചിത്രമായ ഫുട്‌ബോൾ ചരിത്രമുള്ള മെസെപ്പെട്ടോമിയൻ സിംഹങ്ങളുടെയും ആഫ്രിക്കൻ ഫുട്‌ബോളിന്റെ വന്യമായ ആക്രമണം വെടിഞ്ഞ് പരുക്കനടവുകളിലൂടെയുള്ള കളി പുറത്തെടുത്ത ബഫാന ബോയ്സിന്റെയും പ്രതിരോധക്കോട്ടക്ക് മുന്നിൽ വളരെ ആധികാരികമായി തന്നെ കളിച്ചെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലെ പിഴവുകൾ മൂലം കാനറികൾ തെല്ലൊന്ന് പതറിപ്പോയപ്പോൾ റോജരിയോ മൈകാളെയും സംഘവും കേട്ട പഴിക്ക് കണക്കില്ലായിരുന്നു.മൈകാളെയുടെ സുന്ദരമായ തനതു ശൈലിയായ "ജോഗാ ബോണിറ്റോ " എന്ന കാൽപ്പനിക സൗന്ദര്യാത്മകത ബ്രസീലിയൻ വിഖ്യാത ഫുട്‌ബോൾ ശൈലിയെ പോലും വിമർശിച്ച് വിമർശകർ ആനന്ദം കൊള്ളുകയായിരുന്നു.സമനിലകൾ പോലും ആത്മഹത്യപരമെന്ന് കരുതുന്ന ബ്രസീലുകാരെയും ബ്രസീൽ ആരാധകരെയും സംബന്ധിച്ച് നിരാശ നിറഞ്ഞതായിരുന്നു ആദ്യ രണ്ടു സമനിലകളെങ്കിലും കാനറികളെ നെഞ്ചിലേറ്റിയ സ്വന്തം ആരാധകർക്ക് തങ്ങളുടെ സ്വന്തം ടീമിനെ വിമർശിക്കാനുമുള്ള അവകാശവും അധികാരവുമുണ്ട്.എന്നാൽ ഇത് കണ്ട് ഫാൻ ബോയിസം കാണിക്കുന്ന ബ്രസീൽ വിരോധികളായ ചില മാധ്യമ പ്രവർത്തകർക്ക് വിമർശിക്കാം അത് സ്വഭാവികം ,എന്നാൽ കളിയാക്കുന്ന തരത്തിലുള്ള പരിഹാസ്യപരമായ എഴുത്തുകൾ തള്ളി വിടാൻ ബ്രസീൽ വിരോധികളായ ഒരു മലയാള പത്രങ്ങൾക്കും അവകാശമില്ല.
സമ്പന്നമായ ബ്രസീലിയൻ പാരമ്പര്യത്തിൽ
തിരിച്ചടികളിൽ നിന്ന് ഫിനീക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് ചിറകടിച്ചുയർന്ന ചരിത്രമേ കാനറിപ്പടക്കുള്ളൂ.അതനർത്ഥമാക്കി കൊണ്ട് ഗ്രൂപ്പ് റൗണ്ടിലെ അവസാന മൽസ്സരത്തിൽ യൂറോപ്യൻ പവർഗെയിമിന്റെ സ്കാൻഡിനേവിയൻ സൗന്ദര്യമായ ഡാനിഷ് പടയുടെ പോരാട്ട വീര്യത്തെ നിഷ്പ്രഭമാക്കി നെയ്മറും സംഘവും തങ്ങളുടെ കരുത്ത് എന്താണെന്ന് വിമർശകർക്കും വിരോധികൾക്കും കാണിച്ചു കൊടുത്തു.തകർപ്പൻ ജയത്തോടെ ക്വാർട്ടറിലേക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രവേശിച്ച കാനറികളെ എന്നിട്ടും വെറുതെ വിടാൻ മലയാള മഞ്ഞപത്രങ്ങൾ തയ്യാറായിരുന്നില്ല.ഒരു അഭിനന്ദന വാക്ക് പോലും എഴുതാതെ ബ്രസീൽ കഷ്ടിച്ചു കടന്നു കൂടി എന്നായിരുന്നു നാണവും മാനവുമില്ലാത്ത മലയാളത്തിലെ ചില പത്രങ്ങൾ തള്ളി വിട്ടത്.
കൊളംബിയയിലെ കാരകാസിലെയും ബോഗോട്ടയിലെയും തെരുവികളിലെ ഗുണ്ടാവിളയാട്ടങ്ങളെ പോലും നാണിപ്പിക്കും വിധം ഫുട്‌ബോൾ കളത്തിൽ അഴിഞ്ഞാടുന്ന കൊളംബിയയുടെ ഇളംതലമുറക്കാരായിരുന്നു നെയ്മറിന്റെയും സംഘത്തിന്റെയും അടുത്ത ഇര.വാൾഡറാമയുടെയും ഹിഗ്വിറ്റയുടെയും പിൻഗാമികൾക്ക് കാൽപ്പന്തുകളിയുടെ നീതി ശാസ്ത്രത്തിനു നേരെ വിപരീതമായി ഗുണ്ടകളെപ്പോലെ അഴിഞ്ഞാടാനേ അറിയൂ എന്നത് പണ്ടേ പ്രസിദ്ധമാണ്.അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ 2014 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ , നെയ്മറെ കൂട്ടക്കൊല ചെയ്ത് കാടൻ ഗുണ്ട സുനിഗയുടെ കൊളമ്പിയൻ ടീം.അവരുടെ തനി പകർപ്പാണ് ഇളംതലമുറയുമെന്ന് തെളിയിക്കുന്നതായിരുന്നു ഒളിമ്പികിലെ ബ്രസീൽ കൊളംബിയ ക്വാർട്ടർ ഫൈനൽ.എന്നാൽ അവരുടെ യാതൊരു വിധ പരുക്കൻ ഗുണ്ടാ അടവുകളും നെയ്മറിന്റെയും പിള്ളേരുടെയടുത്തും വിലപോയില്ല.അതി സുന്ദരമായ ഫ്രീകിക്കിലൂടെ നെയ്മർ കൊളംമ്പിയൻ ഗുണ്ടകളുടെ കഥ കഴിച്ചു സെമിയിലേക്ക്.അർജന്റീനയെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ കോൺകകാഫ് മേഖലയിലെ ഹോണ്ടുറാസിനെ സെമിയിൽ ഹാഫ് ഡസൻ ഗോളുകൾക്ക് തകർത്തായിരുന്നു ബ്രസീൽ നാലാം ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിലേക്ക് കടന്നത്.
നെയ്മർ + മൈകാളെ ഇഫക്റ്റ്
ഒളിമ്പിക് ഫൈനലിൽ പതിവ് പോലെ തന്നെ നാല് അറ്റാക്കർമാരെ ഉൾപ്പെടുത്തിയാണ് മൈകാളെ ജർമൻ കാർക്കെതിരെ തന്ത്രം മെനഞ്ഞത്.വിരസമായ സമനിലയിൽ അവസാനിച്ച ആദ്യ രണ്ട് കളികളിലെ ടീമിനെ മാറ്റി ലുവാനെ കൂടി ഉൾപ്പെടുത്തുകയായിരുന്നു മൈകാളെ.
ഇതോടെ 4-2-4 എന്ന പഴയ 1970 കളിലെ ബ്രസീലിയൻ ഡ്രീം ടീമിന്റെ ശൈലിയിലായിരുന്നു ശേഷിച്ച മൽസരങ്ങളിലെല്ലാം സെലസാവോകൾ കളിച്ചത്. ടീമിന് മികച്ച ഒത്തിണക്കവും പ്രഹര ശേഷിയും കൈവന്നത് 4-2-4 ശൈലിയിലേക്ക് ടീം മാറിയപ്പോഴായായിരുന്നു.
മൽസരം തുടങ്ങിയത് നെയ്മറിന്റെ മുന്നേറ്റത്തിലൂടെ ആയിരുന്നു.തുടക്കത്തിൽ തന്നെ നിരവധി തവണയാണ് നെയ്മർ ജർമൻ കളിക്കാരുടെ ഫൗളിനു ഇരയായത്.അറ്റാക്കിംഗിൽ നെയ്മറും ലുവാനും മധ്യനിരയിൽ ആഗുസ്റ്റോയും വലാസുമായിരുന്നു ബ്രസീലിയൻ നീക്കങ്ങളിൽ സൂത്രധാരന്മാർ.
ഇടതു വിംഗിൽ നെയ്മറിന് മികച്ച പിന്തുണ നൽകി ഡഗ്ലസ് സാന്റോസും കളം നിറഞ്ഞു. സാന്റോസിന്റെ ഒരു കിടിലൻ ക്രോസിൽ ലുവാൻ ബോക്സിന്റെ സെന്ററിൽ നിന്ന് തൊടുത്ത വോളി ജർമൻ ഡിഫൻസ് ബ്ലോക്ക് ചെയ്തു.അടുത്തതായി റെനാറ്റോയുടെ ഊഴമായിരുന്നു നെയ്മറിന്റെ മുന്നേറ്റത്തിൽ ലഭിച്ച നെയ്മറെടുത്തൊരു കോർണർ കിക്കിൽ റെനാറ്റോയുടെ ഫ്ലിക്ക് ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്ത് പോയി.നെയ്മറെ ഫൗൾ ചെയ്യുന്നതിൽ യാതൊരു മടിയും കാണിച്ചിരുന്നില്ല ജർമൻകാർ.പ്രത്യേകിച്ചും ലാർസ് ബെൻഡറും സ്വെൻ ബെൻഡറും അങ്ങനെയൊരു ഫൗളിൽ നിന്ന് ബോക്സിന്റെ വലതു വിംഗിൽ നിന്ന് ലഭിച്ച ഫ്രീ കിക്കായിരുന്നു നെയ്മർ അതിമനോഹരമായ പരമ്പരാഗത ബ്രസീലിയൻ മഴവിൽ കിക്കിലൂടെ ഗോളാക്കി മാറ്റിയത്.
ഗോൾ വീണ ശേഷം ഒന്നുണർന്ന് കളിച്ച ജർമൻകാരുടെ അധ്വാനത്തിന് ഫലമുണ്ടായി.ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് സേവ് ചെയ്ത് ഗോളി വെവർട്ടൺ കരുത്തുകാട്ടി.
ജർമൻ ആക്രമണങ്ങളുടെ മുനയൊടിച്ചത് റോഡ്രിഗോ കായോയും മാർക്വിഞോസും ചേർന്ന സഖ്യമായിരുന്നു.മിക്കപ്പോഴും സാവോപോളോ സ്റ്റോപ്പർ കായോ ആയിരുന്നു ജർമൻ ആക്രമണത്തിന് തലവേദനയായി മാറിയത്.അതി വിദഗ്ധമായി ടാക്ലിംഗികളും ക്ലിയറൻസുകളും ചെയ്ത് കായോ മിക്ക ഘട്ടങ്ങളിലും കാനറികളുടെ രക്ഷക്കെത്തി.മധ്യനിരയിലെ പന്തൊഴുക്കിനെ തടുത്തു നിർത്തുന്നതിൽ ആഗുസ്റ്റോയെയും വലാസിനെയും എത്ര പ്രശംസിച്ചാലും മതി വരില്ല.ആറടിക്കു മുകളിൽ ഉയരമുള്ള ഗ്രെമിയോയുടെ ഡിഫൻസീവ് മധ്യനിരക്കാരൻ പൂർണ്ണമായും ജർമൻ അറ്റാക്കേഴ്സിനെ വരച്ച വരയിൽ നിർത്തിച്ചു."ബ്രസീലിയൻ പോഗ്ബ" എന്നാണ് വലാസ് ബ്രസീലിൽ അറിയപ്പെടുന്നത്.വലാസിന്റെ സാന്നിധ്യം മുതൽകൂട്ടായത് കായോ-മാർക്വിഞോസ് സഖ്യത്തിനായിരുന്നു.
മധ്യനിരയിൽ നിന്ന് തന്നെ ജർമൻകാരുടെ ബോൾ പൊസ്സഷൻ ഗെയിം പ്ലാൻ തകർക്കുക എന്നതാണ് റെനാറ്റാ ആഗുസ്റ്റോ എന്ന മുൻ ഫ്ലെമിഷ് താരത്തിന് മൈകാളെ നൽകിയ ചുമതല.അത് കൃത്യനിർവഹണത്തോടു കൂടെയും അച്ചടക്കത്തോടെയും വളരെ ഭംഗിയായി ചെയ്യാൻ ആഗുസ്റ്റോക്കായി.ജർമൻകാരിൽ നിന്ന് ബോൾ റാഞ്ചി മധ്യ നിരയിലേക്കും ആക്രമണത്തിലേക്കും റെനാറ്റോയുടെ പാസ്സിംഗുകൾ പമ്പ് ചെയ്തു കൊണ്ടിരുന്നു , മികച്ച പിന്തുണ നൽകി വാലാസും ആഗുസ്റ്റോക്ക് കൂട്ടായി ഉണ്ടായിരുന്നു.
ബ്രസീലിന്റെ സുന്ദരമായ അറ്റാക്കിംഗ് നീക്കങ്ങൾ പിറവി കൊണ്ടത് നെയ്മറിലൂടെ തന്നെയായിരുന്നു. ഒറ്റയാൾ പട്ടാളത്തെപ്പോലെയാണ് നെയ്മർ ഗ്രൗണ്ട് മുഴുവൻ നിറഞ്ഞ് കളിച്ചത്.ഗ്രമിയോ ഫോർവേഡും ഈ ഒളിമ്പിക്സിലെ കണ്ടെത്തലുമായ ലുവാൻ മധ്യ നിരയിലെക്ക് ഇറങ്ങി കളിക്കാനായിരുന്നു മൈകാളെയുടെ നിർദേശം.മികച്ച ക്രിയേറ്റീവ് നീക്കങ്ങളാണ് നെയ്മർ - ലുവാൻ - ആഗുസ്റ്റോ ത്രയങ്ങൾ മധ്യ നിരയിൽ നിന്ന് ആസൂത്രണം ചെയ്തെടുത്തത്.വിംഗ് ബാക്കുകളായ സെക്കയും സാന്റോസും ഇവർക്ക് നല്ല പിന്തുണ നൽകി എങ്കിലും ആദ്യ രണ്ട് മൽസരങ്ങളിലെ പ്പോലെ തന്നെ ഫിനിംഷിംഗിലെ പോരായ്മകൾ വീണ്ടും ബ്രസീലിന് ദൗർഭാഗ്യകരമായിപ്പോയെന്ന് പറയാം.ജീസസും ഗാബിയും നിരാശപ്പെടുത്തി കൊണ്ടിരുന്നു.നെയ്മർ തളികയിലെന്നവണ്ണം വെച്ചു കൊടുത്ത നല്ല ഒന്നാന്തരം ഗോളവസരങ്ങൾ ഇരുവരുടെയും പരിചയക്കുറവ് മൂലം നഷ്ടപ്പെടുത്തികൊണ്ടിരുന്നു..
ഹാഫ് ടൈമിന് ശേഷം സെലസാവോകൾ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അൽപ്പം ആശങ്കയിലാഴ്ത്തി.ഇത് മുതലെടുത്ത ജർമൻകാർ തങ്ങളുടെ പൊസഷനൽ ഫുട്ബോൾ കളത്തിൽ വിജയകരമായി പ്രാവർത്തികമാക്കാൻ തുടങ്ങി. ഇവിടെ ആയിരുന്നു ബ്രസീൽ മധ്യ നിരക്കും പ്രതിരോധത്തിനും താളം തെറ്റിയത്.നിരന്തരമായ ജർമൻ ആക്രമണങ്ങളെ തടഞ്ഞു നിർത്തുന്നതിൽ വലാസും ആഗുസ്റ്റോയും ഒരു പരിധി വരെ വിജയിച്ചുവെങ്കിലും 59 ആം മിനിറ്റിൽ റൈറ്റ് വിംഗിൽ നിന്ന് ബോക്സിലെക്ക് വന്ന പാസ് ചാലഞ്ച് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല.മാർക്ക് ചെയ്യാതെ നിന്നിരുന്ന ജർമർ ക്യാപ്റ്റൻ മേയർ എളുപ്പത്തിൽ ഒരു വോളിയിലൂടെ സമനില പിടിച്ചു.ബ്രസീൽ ഡിഫൻസ് ഒരു കാര്യവുമില്ലാതെ വഴങ്ങിയ ഗോൾ..
സമനില പിടിച്ചതോടെ ജർമൻകാർ പതിവു യൂറോപ്യൻ ശൈലിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു.ഇതോടെ സമ്മർദ്ദത്തിലായ നെയ്മറും സംഘവും കളിയുടെ ഗിയർ മാറ്റി പിടിച്ചു. പിന്നീട് കളത്തിൽ കണ്ടത് സുന്ദരമായ ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ സൗന്ദര്യമായിരുന്നു.
നെയ്മറിന്റെ നേതൃത്വത്തിൽ ലുവാനും ആഗുസ്റ്റോയും ജർമൻ ഹാഫിലെക്ക് തുടർച്ചയായ പ്രത്യാക്രമണങ്ങൾ നടത്തി.എന്നാൽ ഒന്നിനു പിറകെ ഒന്നായി തുലക്കുന്നതിൽ മൽസരിക്കുകയായിരുന്നു ഗാബിയും ജീസസും ലുവാനും ആഗസ്റ്റോയും.ലുവാന്റെ ഒരു കിടിലൻ അസിസ്റ്റിൽ ആഗസ്റ്റോയുടെ ഷോട്ട് ഇടത്തെ പോസ്റ്റിൽ ഇഞ്ച് വ്യത്യാസത്തിന് പുറത്തേക്ക് പോയി.പിന്നീട് തൊട്ടടുത്ത നിമിഷത്തിൽ ബോക്സിലേക്ക് റെനാറ്റോ കൊടുത്ത ക്രോസിൽ ജീസസിന് ലഭിച്ച സുവർണാവസ്സരം കളഞ്ഞു കുളിച്ചു.ജീസസിന്റെ ദുർബല ഷോട്ട് വലത്തെ പോസ്റ്റിന് തൊട്ടുരുമി പുറത്തേക്ക്.നെയ്മറുടെ ഒരു മുന്നെറ്റത്തിൽ ഗാബിക്ക് കൊടുത്ത അതി മനോഹരമായൊരു ത്രൂ ബോൾ ഗാബി അനാവശ്യ ഷോട്ടടിച്ച് തുലച്ചു.
70 ആം മിനിറ്റിൽ മോശം ഫോമിൽ കളിച്ച ഗാബിയെ ക്കയറ്റി മൈകാളെ ഫിലിപെ ആൻഡേഴ്സണെ ഇറക്കി.
ആൻഡേഴ്സണെ കൊണ്ടു വന്നത് മെകാളെയുടെ നല്ലൊരു തീരുമാനമായിരുന്നെങ്കിലും തനിക്ക് കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ലാസിയോ അറ്റാക്കർക്ക് കഴിയാതെ പോയി.വലാസിന്റെ നല്ലൊരു മുന്നേറ്റത്തിൽ പിറന്ന ഗോളവസരം ഗോളാക്കി മാറ്റാൻ നെയ്മർക്കായില്ല.തൊട്ടടുത്ത നിമിഷത്തിൽ തന്നെ ഫിലിപെ ആൻഡേഴ്സണിന്റെ പാസിൽ ലുവാൻ തൊടുത്ത ഷോട്ട് ജർമൻ ഗോൾ കീപ്പർ സേവ് ചെയ്തു.തുടർന്ന് വലാസിന്റെ കരുത്തുറ്റ രണ്ട് ലോംഗ് റേഞ്ചറുകൾ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.അവസാന സെക്കന്റുകളിൽ ആൻഡേഴ്സണിന്റെ പാസിൽ നെയ്മറിന്റെ ഷോട്ട് ജർമൻ ഡിഫൻസ് കോർണർ വഴങ്ങി ഒഴിവാക്കിയതോടെ മൽസ്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ തന്നെ ജീസസിനെ പിൻ വലിച്ച് റാഫീന്യയെ ഇറക്കി മൈകാള തന്റെ നയം വ്യക്തമാക്കി.ഷൂട്ടൗട്ടിലേക്ക് നീളുമെന്ന് മണത്ത മൈകാളെ 19 കാരനായ ജീസസിനെ കയറ്റി അനുഭവ സമ്പന്നനായ റാഫീന്യയെ ഇറക്കിയത് പെനാൽറ്റി ഷൂട്ടൗട്ട് മുന്നിൽ കണ്ടു തന്നെയായിരിക്കണം.
നെയ്മറുടെ കിടിലൻ ത്രൂ ബോളിൽ ബോക്സിന്റെ സെന്ററിൽ നിന്ന് ആൻഡേഴ്സണിന് ലഭിച്ച സുവർണാവസരം ഗോളിയുടെ കൈകളിലേക്കടിച്ചു കൊടുത്തു.സമനില ഗോൾ നേടിയ ശേഷം പ്രതിരോധിച്ചു കളിക്കുക കൗണ്ടർ അറ്റാക്കിംഗിലൂടെ ബ്രസീലിയൻ ഡിഫൻസിനെ താളം തെറ്റിക്കുക എന്ന തനതു യൂറോപ്യൻ ശൈലിയിലേക്ക് കളം മാറിയ ജർമനി നടപ്പിലാക്കിയത് വ്യക്തമായ ഗെയിംപ്ലാനായിരുന്നു.ഇവിടെ ആയിരുന്നു കായോ-മാർക്വിഞോസ് സഖ്യം വിജയിച്ചത്.വിംഗ് ബാക്കുകളും മധ്യ നിരക്കാരും നെയ്മറെയും കൂട്ടരെയും സഹായിക്കാൻ എതിർ ഹാഫിലേക്ക് ഇരച്ചു കയറുമ്പോഴും നഷ്ടപ്പെടുന്ന ബോളുകളെല്ലാം വിജയകരമായി ടാക്കിൾ ചെയ്ത് ജർമ്മനിയെ കൗണ്ടർ അറ്റാക്കിന് അനുവദിക്കാതിരുന്നത് കായോ-മാർക്വിഞോസ് സഖ്യത്തിന്റെ ഉത്തരവാദിത്വ ബോധവും സമ്മർദ്ദ ഘട്ടങ്ങളിൽ പതറാതെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങൾ ആർജ്ജിച്ചെടുത്തു കഴിഞ്ഞുവെന്നും തെളിയിക്കുന്നു.
എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ സെലസാവോയുടെ സ്വത സിദ്ധമായ ആക്രമണത്തിൽ സാന്റോസും നെയ്മറും മികച്ച അവസരങ്ങൾ തുറന്നെടുത്തെങ്കിലും ലുവാനും റാഫീന്യയും തൊടുത്ത ഷോട്ടുകൾ ജർമ്മൻ മതിലിൽ തട്ടിതെറിച്ചതോടെ
മൽസ്സരം ഷൂട്ടൗട്ടിലേക്ക്.
പെനാൽറ്റി ഷൂട്ടൗട്ടിൽ റെനാറ്റോ ആഗുസ്റ്റോ , മാർക്വിഞോസ് , റാഫീന്യ , ലുവാൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ജർമൻ നിരയിൽ അഞ്ചാം കിക്കെടുത്ത പെറ്റേഴ്സണിന്റെ ഷോട്ട് റൈറ്റ് സൈഡിലേക്ക് ഡൈവ് ചെയ്ത് ഗോൾ കീപ്പർ വെവർട്ടൺ ബ്രസീലിന് മുൻതൂക്കം നൽകി.കാനറികളുടെ അഞ്ചാം കിക്കെടുക്കാൻ വരുന്നത് സാക്ഷാൽ നെയ്മർ!!!
റൈറ്റ് സൈഡിലെ ടോപ് കോർണറിലേക്ക് തൊടുത്ത നെയ്മർ ഷോട്ട് സ്വർണ്ണത്തിലേക്കായിരുന്നു...
അങ്ങെനെ നാലാം ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ ബ്രസീലിന് സ്വർണ്ണം...
ഫൈനലിലെ പ്രകടനമികവിൽ ബ്രസീൽ തന്നെയായിരുന്നു മുന്നിൽ.തനതു ബ്രസീലിയൻ ഫുട്ബോളിന്റെ സൗന്ദര്യം കുറച്ചെങ്കിലു തിരികെ കൊണ്ടു വന്നതിൽ മെകാളെക്ക് അഭിമാനിക്കാം.ഒളിമ്പിക് ഫുട്‌ബോൾ വഴി നമുക്ക് ഒരുപിടി യുവതാരങ്ങളെ ലഭിച്ചു.ജീസസ് , ഗാബിഗോൾ , കായോ ,വാലാസ് , തിയാഗോ മയാ , സെക്കാ ,സാന്റോസ് ലുവാൻ തുടങ്ങിയവർ ഇവരെല്ലാം നമ്മൾ ഒളിമ്പിക്സിന് മുന്നേ കേട്ട് പരിചയിച്ച പേരുകളാണെങ്കിലും ഒളിമ്പിക്സിലെ പ്രകടനങ്ങൾ ഇവർക്ക് സീനിയർ ടീമിലെക്കുള്ള വാതിലുകളും അതോടൊപ്പം തന്നെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലേക് ചേക്കേറാനുള്ള അവസരവും തുറന്നു കൊടുക്കുന്നു.
കളിച്ച കളികളിൽ മൂന്ന് മൽസരങ്ങളിലും ഗോളടിച്ച യുവതാരം ഗ്രെമിയോയുടെ ലുവാനാണ് ഈ ഒളിമ്പിക് ഫുട്‌ബോളിലെ ബ്രസീലിന്റെ സർപ്രൈസ് താരം.നെയ്മറോടപ്പം വളരെ ഉത്തരവാദിത്വ ബോധത്തോടെയാണ് ലുവാന്റെ നീക്കങ്ങൾ.മധ്യ നിരയിൽ ഒരു സഹായിയെ ലഭിക്കാതെ പലപ്പോഴും വിഷമിച്ചിരുന്ന നെയ്മർക്ക് മിക്ക സമയങ്ങളിൽ പങ്കാളിയായത് ലുവാനായിരുന്നു.3 ഗോളും 3 അസിസ്റ്റുമടക്കം മികച്ച പ്രകടനമാണ് ലുവാൻ പുറത്തെടുത്തത്.മാത്രവുമല്ല ഷൂട്ടൗട്ടിലെ നാലാം കിക്ക് എടുക്കാൻ മൈകാളെ നിയോഗിച്ചത് ലുവാനായിരുന്നു.ഒരു സീനിയർ താരത്തിന്റെ അനുഭവ സമ്പത്തോടു കൂടിയാണ് ലുവാൻ ഗോളിയെ കബളിപ്പിച്ച് ടീമിന് നാലാം ഗോൾ നേടികൊടുത്തത്.
പ്രതിരോധ നിരയിലെ കരുത്തുറ്റ സാന്നിധ്യമായ പാരിസ് സെന്റ് ജർമന്റെ 22 കാരൻ സ്റ്റോപ്പർ ബാക്ക് മാർക്വിഞോസിന്റെ പ്രകടനമാണ് ഈ ഒളിമ്പിക്സിലെ മറ്റൊരു ആകർഷണീയത.ഭാവിയിലെ തിയാഗോ സിൽവ എന്നറിയപ്പെടുന്ന ഈ സാവോപോളോക്കാരന്റെ ഒളമ്പിക് ഫുട്ബോളിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രകടിപ്പിച്ച ലീഡർഷിപ്പ് ക്വാളിറ്റി പ്രശംസനീയമാണ്. റെനാറ്റോ ആഗസ്റ്റോയുടെ പ്രകടനത്തെയും പുകഴ്ത്താതെ വയ്യ.ആദ്യ രണ്ട് കളിയിലും ഏറ്റവുമധികം പഴി കേട്ട കളിക്കാരൻ പിന്നീട് മധ്യനിരയിലെ ജനറലായി മാറി.ചൈനീസ് ലീഗിലെക്ക് പോയി നശിക്കാതെ ബ്രസീലിയൻ ലീഗിലേക്കോ യൂറോപ്യൻ ലീഗിലേക്കോ ആഗുസ്റ്റോ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നു.
ഹീറോ റോളിൽ നെയ്മറാണെങ്കിലും നമ്മൾ ഗോൾ കീപ്പർ വെവർട്ടണെ മറക്കുന്നില്ല.അവസാന നിമിഷം പ്രാസിന് പകരം ടീമിലുൾപ്പെടുത്തിയ താരത്തിന് ഗ്ലാമർ പരിവേഷമില്ലാതെയായിരുന്നു്..
തുടക്കത്തിൽ ചില മൽസരങ്ങളിൽ പതർച്ച കാണിച്ചെങ്കിലും ഫൈനലിൽ ഷൂട്ടൗട്ടിൽ ജർമൻ താരങ്ങളെടുത്ത എല്ലാ കിക്കുകൾക്കും കറക്റ്റ് ഡയറക്ഷനിലേക്കായിരുന്നു ഡൈവ് ചെയ്തത്.പെറ്റേഴ്സണിന്റെ കിക്ക് സേവ് ചെയ്ത് നെയ്മറിനു സ്വതന്ത്ര മായ കിക്കെടുക്കാൻ അവസരവും വെവർട്ടൺ നൽകി.
റിയോ ഒളിമ്പിക് ഫുട്‌ബോളിലെ താരം ആരെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ നെയ്മർ കാനറികളുടെ സുൽത്താൻ...!!!
4 ഗോളുകളും 3 അസിസ്റ്റുകളുമായി കാനറിപ്പടയെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ തന്നെ.ഹോളിവുഡ് സിനിമകളിലെ തിരക്കഥയെ പോലും വെല്ലും വിധം 2012 ലെ ഒളിമ്പിക്സ് തലനാഴിര വ്യത്യാസത്തിൽ നഷ്ടപ്പെട്ടപ്പോൾ 2016 ഒളിമ്പിക്സ്ൽ ടീമിന് തന്റെ മാജികൽ ഫ്രീ കിക്കിലൂടെയും ക്ലൈമാക്സിലെ ഗോൾഡൻ ഗോളിലൂടെയും നേടികൊടുത്താണ് നെയ്മർ ഖേദം തീർത്തത്.
റോജരിയോ മെകാളെ എന്ന പരമ്പരാഗത ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ വക്താവ് ടീമിന്റെ വിജയത്തിലെ നിർണായ ഘടകമാണ്.ഫസ്റ്റ് രണ്ട് മാച്ചുകളിൽ സമനില വഴങ്ങിയപ്പോൾ ഒന്നടങ്കം വിമർശനങ്ങൾ ഏറ്റു വാങ്ങിയ മെകാളെ പിന്നീടുള്ള മൽസരങ്ങളിൽ ഫോർമേഷനുകളിൽ മാറ്റം വരുത്തി ശക്തമായി തിരിച്ചു വരികയായിരുന്നു.4-2-4 എന്ന ഒരു പരിശീലകരും ഉപയോഗിക്കാൻ സാധ്യതയില്ലാത്ത ബ്രസീലിയൻ പരമ്പരാഗത ശൈലി ഉപയോഗിക്കാൻ ധൈര്യം കാണിച്ച മെകാളെക്ക് ഒരു ബിഗ് സല്യൂട്ട്..!!!
മറകാനയും ചിരിക്കുകയാണ്..
സമ്പന്നമായ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിലെ കറുത്ത അധ്യായമാണ് 1950 ലോകകപ്പ് ഫൈനൽ തോൽവി അതായത് മറകാനാസോ..ഇതിന് പകരം ബ്രസ്സീൽ ലോകകപ് മറകാനയിൽ സ്വന്തമാക്കിയാൽ തന്നെയേ ഈ നിരാശക്ക് അൽപ്പമെങ്കിലും ശമനമുണ്ടാകൂ. നിശബ്ദമായ മറകാന പിന്നീട് നിശബ്ദമായിട്ടില്ല...ഫുട്‌ബോൾ മെക്കയായ മറകാനയിൽ കിരീടമുയർത്തുകയെന്നത് ബ്രസീലുകാരുടെ ജീവിതാഭിലാഷമാണ്.പിന്നീട് മറകാന കരഞ്ഞിട്ടില്ല ,1989 കോപ്പാ അമേരിക്കയിൽ ഉറുഗ്വെയ തന്നെ തോൽപ്പിച്ച് റൊമാരിയോയുടെ ബ്രസീൽ കോപ്പാ അമേരിക്ക ഉയർത്തിയപ്പോൾ അതൊരു ചരിത്രമായി..2013 കോൺഫെഡറേഷൻ കപ്പ് ഫൈനൽ ലോക ചാമ്പ്യൻസ് ആയ സ്പെയിനിനെ നെയ്മറും സംഘവും തകർത്ത് വിട്ടു.അവിടെയും മറകാന ചിരിച്ചു...
ഇപ്പോഴിതാ റിയോ ഒളിമ്പിക് ഫുട്ബോളിലും മറകാന ചിരിക്കുന്നു...

No comments:

Post a Comment