Thursday, January 5, 2017

ഞാൻ കണ്ട യൂറോ കപ്പുകളിലൂടെ
( 2000 ,2004 , 2008 , 2012 )
Danish Fenomeno
10 June 2016



പവർ ഗെയിമിന്റെ കരുത്തുമായി യൂറോ വന്നെത്തി കഴിഞ്ഞു.
2000 യൂറോ മുതൽ കാണാൻ തുടങ്ങിയതാണ് യൂറോ കപ്പ്.അന്ന് മാൾഡീനിയുടെയും നെസ്റ്റയുടെയും ഇറ്റലി ജയിക്കണമെന്നായിരുന്നു ആഗ്രഹം.ടോട്ടിയുടെയും ഇൻസാഗിയുടെയുമൊക്കെ ആദ്യ ടൂർണമെന്റായിരുന്നു 2000 യൂറോ.
ഞാൻ കണ്ട ഏറ്റവും മികച്ച യൂറോയും ഏറ്റവും മികച്ച യൂറോ ഫൈനലും 2000 യൂറോ തന്നെ.ലൂയി ഫിഗോ റൂയി കോസ്റ്റ മാരുടെ പറങ്കി പടയെയും ക്ലൈവർട്ട് ബെർകാംപ് ഡിബോയർമാരുടെ ഓറഞ്ച് പടയെയും തകർത്തെത്തിയ ഫ്രാൻസും ഇറ്റലിയുമായിരുന്നു ഫൈനലിൽ. ഫൈനലിൽ നീളൻ മുടിക്കാരൻ ടോട്ടിയായിരുന്നു തകർത്ത് കളിച്ചിരുന്നത്.ആദ്യ ഹാഫിൽ തന്നെ ഇറ്റലി മുന്നിലെത്തിയപ്പോൾ ഏവരും കരുതി അസൂറികൾ കപ്പടിക്കുമെന്ന് എന്നാൽ സിൽവിയൻ വിൽറ്റോഡ് 92 ആം മിനിറ്റിൽ ഗോളടിച്ച് മൽസരം സമനിലയാക്കിയത് മറക്കാനാവില്ല.ഗോൾഡൻ ഗോൾ നിയമം ഉണ്ടായിരുന്ന ലാസ്റ്റ് യൂറോ ആയിരുന്നു മില്ലേനിയം യൂറോ. എക്സ്ട്രാ ടൈമിൽ ട്രെസെഗെ നേടിയ ഗോൾഡൻ ഗോൾ ഫ്രഞ്ച് പടയെ കിരീടമണിയിച്ചു.
2004 യൂറോയിൽ പാവെൽ നെദവദിന്റെ ചെക് റിപ്പബ്ലികായിരുന്നു എന്റെ ഇഷ്ട ടീം.നെദവദും 2 മീറ്ററോളം ഉയരമുള്ള സ്ട്രൈകർ യാൻ കോളറും മിലൻ ബാരോസും പ്ലെമെക്കർ പെബോർസ്കിയും യുവ മിഡ്ഫീൽഡർ റോസ്സകിയും വിംങ് ബാക് യാൻകുലോവ്സ്കിയും അണിനിരക്കുന്ന ചെക് പട ആരെയും തോൽപ്പിക്കാൻ പോന്നതായിരുന്നു.
സ്കോളരി പരിശീലിപ്പിക്കുന്ന ആതിഥേയരായ ഫിഗോയുടെ പോർച്ചുഗൽ , സിദാന്റെ ഫ്രാൻസിനെ അട്ടിമറിച്ചെത്തിയ അൽഭുത ടീം ഗ്രീസ്
ലാർസന്റെ സ്വീഡിഷ് പടയെ തോൽപ്പിച്ചെത്തിയ നിസ്റ്റൽ റൂയി സീഡോർഫ് ക്ലൈവർട്ട്മാരുടെ ഓറഞ്ച് പട.പിന്നെ ചെകുമായിരുന്നു സെമിയിൽ എത്തിയ അവസാന ടീമുകൾ.നെതർലാന്റസിനെ മറികടന്ന് പോർച്ചുഗൽ ഫൈനലിലെത്തിയപ്പോൾ രണ്ടാം സെമിയിലായിരുന്നു ഗ്രീസ് വീണ്ടും അൽഭുതപ്പെടുത്തിയത്.ചെകിനെ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലെ ലാസ്റ്റ് മിനിറ്റിലെ കോർണറിൽ നിന്ന് നേടിയ സിൽവർ ഗോളിൽ ഗ്രീസ് ചെകിനെ അട്ടിമറിച്ചു.സിൽവർ ഗോൾ നിയമപ്രകാരം എക്സ്ട്രാ ടൈമിലെ ആദ്യ ഹാഫിൽ ഗോളടിച്ചാൽ പിന്നെ ആ പകുതി തീരുന്നത് വരെ മാത്രം സമയമുണ്ടാകൂ എതിർ ടീമിന് ഗോളടിക്കാൻ.ചെകിന് തിരിച്ചുവരാൻ ഒരു നിമിഷം പോലും ബാക്കിയുണ്ടായിരുന്നില്ല.
ഫൈനലിലും ഗ്രീസ് അട്ടിമറി തുടർന്നു.ഫിഗോ, മനിച്ചെ ,റൂയി കോസ്റ്റ , പൗലേറ്റ,ന്യൂനോ ഗോമസ് , ഡെകോ തുടങ്ങിയവർ അണി നിരന്ന പോർച്ചുഗലിനെ കരിയസ്റ്റിസിന്റെ വെറുമൊരു ഹെഡ്ഡർ ഗോളിൽ ഗ്രീക്കുകാർ അട്ടിമറിച്ചു ചാമ്പ്യൻമാരായി.2008, 2012 യൂറോകൾ വിവരിക്കേണ്ടാവിശ്യമില്ല ഭൂരിഭാഗം പേരും കണ്ടതായിരിക്കും .2008 ൽ എന്റെ സപ്പോർട്ട് സ്പാനിഷ് പടക്കായിരുന്നു.പ്രതീക്ഷിച്ച പോലെ അവർ ഒരു വെല്ലുവിളിയുമില്ലാതെ ചാമ്പ്യൻമാരായി.
2012 ൽ എന്റെ ഫേവറൈറ്റ് ടീം ഇബ്രയുടെ സ്വീഡൻ ആയിരുന്നു.എന്നാൽ അവർ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി.
എല്ലാ യൂറോ കപ്പും ഓരോ കളിക്കാരെയും അവരുടെ ബെസ്റ്റ് പ്രകടനളെയും മനസ്സിലേക്ക് തന്നിട്ട് പോവും 2000 ൽ ടോട്ടി, വിൽറ്റോഡ് ,ഫിഗോ 2004 ൽ നെദവദ് , ബാരോസ് , ഇബ്ര, ഡെകോ ,സഗൊരാകിസ് , 2008 ൽ തുർക്കിയുടെ ലാസ്റ്റ് മിനിറ്റ് കില്ലർ ഫോർവേഡ് സെൻതുർക് , പിന്നെ അർഷാവിൻ ,ഇനിയെസറ്റ , സാവി..
.2012 ൽ ഇനിയെസ്റ്റയുടെ പ്രകടനം മാറ്റി നിർത്തിയാൽ മനസ്സിലിടം നേടിയ മറ്റൊരു പ്രകടനവുമില്ല.
കണ്ട 4 യൂറോ കപ്പുകളിൽ നിന്നായി മനസ്സിലാക്കുന്നത് എല്ലാ യൂറോ കപ്പിലും ഡാർക് ഹോഴ്സെസായി ഏതെങ്കിലും ടീമുകൾ ഉയർന്ന് വരുമെന്നാണ്.2000 ത്തിൽ പോർച്ചുഗൽ ജർമനിയെയും ഇംഗ്ലണ്ടിനെയും മറികടന്ന് സെമിയിലെത്തി.2004 ൽ ഗ്രീസ്
ചാമ്പ്യൻസായി.2008 ൽ തുർക്കിയും റഷ്യയും സെമിയിലെത്തി.2012 യൂറോ ആണ് ഇതിനൊരുപവാദം കറുത്ത കുതിരകളെ ആരും തന്നെ കണ്ടില്ല.
ഇത്തവണ ഫുൾ സപ്പോർട്ട് 2012 ലേത് പോലെ തന്നെ വീണ്ടും ഇബ്രയുടെ സ്വീഡിഷ് പടക്ക് തന്നെയാണ്.ആൻഡേഴസണിന്റെയും ലാർസന്റെയും ല്യുങ്ബെർഗിന്റെയും കാലം കഴിഞ്ഞ ശേഷം ഇബ്ര എന്ന ഒറ്റക്കൊമ്പന്റെ ബലത്തിൽ കുതിക്കുന്ന സ്വീഡൻ എവിടെയെത്തിയാലും അത് ഇബ്രയുടെ കളി മികവിനുനസരിച്ചായിരിക്കും.
പിന്നെ എന്റെ രണ്ടാം ടീമായ ടർക്കികളും ക്രോട്ട്കളും മുന്നേറിയാലും സന്തോഷം.
പങ്കെടുത്ത അധിക ടൂർണമെന്റിലും കറുത്ത കുതിരകളായിട്ടുള്ളവരാണ് ടർകികൾ..ചോരാത്ത കൈകളുള്ള ഗോളി റുസ്തു റെക്ബറിന്റെയും ലോകകപ്പിൽ ഫാസ്റ്റസ്റ്റ് ഗോളടിച്ച ഹകൻ സുകുറിന്റെയും അവസാന മിനിറ്റ്കളിൽ ഗോളടിച്ച് ടർക്കിഷ് പടയെ ജയിപ്പിച്ചിരുന്ന കില്ലർ ഫോർവേഡ് സെൻതുർക്ക്ന്റെയും മിഡ്ഫീൽഡർ ഉമിത് ഡവാലയുടെയും കാലം കഴിഞ്ഞതോടെ ലോക ഫുട്‌ബോളിൽ കരുത്ത് കാട്ടാൻ ടർകികൾക്ക് കഴിഞ്ഞിട്ടില്ല.ഇത്തവണ അത്യാവശ്യം കുഴപ്പമില്ലാത്ത സ്ക്വാഡുമായാണവർ വരുന്നത് ഗാലാറ്റസറയുടെ സ്ട്രൈകർമാരായ ബുലൂത്, ബുറാക് യിൽമാസ് പഴയ റയൽ താരം ഹാമിദ് ആൾട്ടിൻടോപ് , ബാർസയുടെ ടുറാൻ ,സ്റ്റോപ്പർ ബാക്ക് മെഹമത് ടോപൽ തുടങ്ങിയവർ അടങ്ങുന്ന ടീം2008 ലെ പോലൊരു ടർക്കിഷ് പോരാട്ടവീര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡേവർ സൂകർ പോയ ശേഷം വലിയ ടൂർണമെന്റുകളിൽ അധികം മുന്നേറാനാകാതെ പോയവരാണ് ക്രോട്ടുകൾ.കൊവാക് ബ്രദേഴ്സും പ്രിസോയും ഒലികുമൊക്കെ വന്നെങ്കിലും രാജ്യാന്തര ടൂർണമെന്റുകളിൽ കാര്യമായ ചലനം സൃഷ്ടി ക്കാനവർക്ക് കഴിഞ്ഞിട്ടില്ല.എന്നാൽ ഇത്തവണ റാക്ടിച്ച് മോഡ്രിക് സർന മാൻസൂകിച്ച് കൊവാസിച് തുടങ്ങിയവരുമായി തരക്കേടില്ലാത്ത നിരയുമായ് പഴയ യൂഗോസ്ലാവിയൻ ഫുട്‌ബോളിന്റെ ശക്തരായ പ്രതിനിധികളായാണവരെത്തുന്നത്.സ്ലാവൻ ഫുട്ബോൾ പാരമ്പര്യം ക്രോട്ടുകളിലൂടെ തുടരുമെന്ന് തന്നെ കരുതാം...പഴയ ഇഷ്ട യൂറോപ്യൻ താരങ്ങളിലൊരാളായ ജോർജ് ഹാജിയുടെ റൊമാനിയ മുന്നേറണമെന്നും ആഗ്രഹിക്കുന്നു.
24 ടീമുകൾ മൽസരിക്കുന്ന ആദ്യ യൂറോകപ്പിനായി കാത്തിരിക്കാം.ഇനി വെറും നിമിഷങ്ങൾ മാത്രം.

No comments:

Post a Comment